
വാഷിങ്ടൺ: വ്യാജ അഭയാർഥി (Asylum) അപേക്ഷകൾ സമർപ്പിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഇന്ത്യൻ വംശജനായ കുടിയേറ്റ നിയമ വിദഗ്ധൻ വിനോദ് ദൊദ്ദമാണിക്കെതിരെ 2.55 ലക്ഷം ഡോളറിലേറെ പിഴ ചുമത്താൻ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടപടികൾ ആരംഭിച്ചു.
ഫെഡറൽ അധികൃതരുടെ വിവരമനുസരിച്ച്, 32 കുടിയേറ്റ കേസുകളിലായി 64 വ്യാജ രേഖകൾ തയ്യാറാക്കി സമർപ്പിച്ചതാണ് വിനോദ് ദൊദ്ദമാണിക്കെതിരായ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ICEയുടെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) വിഭാഗം ജൂൺ 22-ന് അഞ്ച് 'നോട്ടീസ് ഓഫ് ഇൻറന്റ് ടു ഫൈൻ' പുറപ്പെടുവിച്ചു. പരമാവധി സിവിൽ പിഴയായ 255,232 ഡോളർ ഈടാക്കാനാണ് ഏജൻസി ശ്രമിക്കുന്നത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) പറയുന്നതനുസരിച്ച്, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കുടിയേറ്റ നിയമ സ്ഥാപനത്തിന്റെ നേതൃത്വമാണ് ദൊദ്ദമാണി വഹിക്കുന്നത്. അമേരിക്കയിൽ അഭയം തേടുന്ന ഇന്ത്യൻ പൗരന്മാരെയാണ് പ്രധാനമായും അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
ദൊദ്ദമാണി സമർപ്പിച്ച നിരവധി അഭയാർഥി അപേക്ഷകളിൽ ഭാഷയും സംഭവവിവരണവും അനുബന്ധ രേഖകളിലെ വിവരങ്ങളും ഏതാണ്ട് ഒരുപോലെയോ സമാനമോ ആയിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ഇത് സംഘടിതമായ രീതിയിൽ വ്യാജ അപേക്ഷകൾ തയ്യാറാക്കിയെന്ന സംശയത്തിന് വഴിവെച്ചതായും അധികൃതർ വ്യക്തമാക്കി.
കുടിയേറ്റ നിയമരംഗത്ത് പ്രവർത്തിക്കുന്ന അഭിഭാഷകരും മറ്റ് അഭിഭാഷകരെപ്പോലെ തന്നെ കർശനമായ ധാർമിക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്ത് ഇത്തരം തട്ടിപ്പുകൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും, രാജ്യത്തെ കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്നും പെർസിവൽ കൂട്ടിച്ചേർത്തു.
വ്യാജ അഭയാർഥി അപേക്ഷകൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശം പെർസിവൽ കഴിഞ്ഞ മേയിൽ നൽകിയതിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യയിൽ ജനിച്ച വിനോദ് ദൊദ്ദമാണി വിവിധ രാജ്യങ്ങളിൽ വളർന്ന വ്യക്തിയാണ്. ജർമ്മൻ പൗരത്വമുള്ള അദ്ദേഹം 2009 മുതൽ അമേരിക്കയിലെ ദക്ഷിണ ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.