Image

ആയത്തുള്ള ഖമനേയിയുടെ സംസ്കാര ചടങ്ങുകളിലേക്ക് മോദിക്ക് ക്ഷണം

Published on 24 June, 2026
ആയത്തുള്ള ഖമനേയിയുടെ സംസ്കാര ചടങ്ങുകളിലേക്ക് മോദിക്ക് ക്ഷണം

ഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്റെ ക്ഷണം. അടുത്ത മാസം നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു.

ഇറാൻ പ്രസിഡന്റിന്റെ നിർദേശപ്രകാരം ഡൽഹിയിലെ ഇറാൻ എംബസി ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയതായി സ്രോതസ്സുകൾ അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന വിപുലമായ ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടുള്ള ടെഹ്‌റാന്റെ ഔദ്യോഗിക സന്ദേശം രണ്ടു ദിവസം മുമ്പാണ് എംബസിക്ക് ലഭിച്ചതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ജൂലൈ 4 ന് ടെഹ്‌റാനിൽ വെച്ച് ഖൊമേനിയുടെ വിലാപയാത്ര ആരംഭിക്കുമെന്നാണ് വിവരം. തുടർന്ന് വിവിധ ഇറാനിയൻ നഗരങ്ങളിലെ പൊതുദർശനത്തിനു ശേഷം, ജൂലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ ഭൗതികശരീരം സംസ്‌കരിക്കും. പശ്ചിമേഷ്യയിൽ നയതന്ത്രതലത്തിൽ നിർണായക നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഇന്ത്യക്ക് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.

എന്നാൽ ഈ ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര കാര്യാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക