
തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കോഴിക്കോട് വടകര തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തുനൽകി. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. അർജുന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്. ഈ കമ്പനിയിലെ ജീവനക്കാരനായ അർജുൻ അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ ദാരുണ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയോടെയാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് പ്രവാസി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഖത്തറിലെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
ഒന്നര വർഷം മുൻപായിരുന്നു അർജുന്റെ വിവാഹം. വാണിമേൽ സ്വദേശി അതുല്യയാണ് ഭാര്യ. എട്ടുമാസം മുൻപാണ് അർജുൻ അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ഒടുവിൽ നാട്ടിലെത്തി മടങ്ങി മാസങ്ങൾക്കകം സംഭവിച്ച പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് അർജുന്റെ കുടുംബവും ജന്മനാടും. മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബന്ധുക്കൾ.