
ന്യൂയോർക്ക്: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സൊഹ്‌റാൻ മാംദാനി പിന്തുണച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു. ഇസ്രായേൽ അനുകൂല സംഘടനകളുടെ സ്വാധീനം മറികടന്നാണ് ഈ വിജയം. ഇതോടെ മാംദാനി പാർട്ടിയിലെ അധികാരകേന്ദ്രങ്ങളിൽ ഒന്നായി മാറി. ഇവർ പരാജയപ്പെട്ടിരുന്നെങ്കിൽ അത് മാംദാനിയുടെ പ്രാധാന്യവും കുറക്കുമായിരുന്നു.
ഏഴാം ഡിസ്ട്രിക്ടിൽ ക്ലെയർ വാൽഡസ് (36) വിജയിച്ചു. വിരമിക്കുന്ന ഡെമോക്രാറ്റിക് അംഗം നിഡിയ വെലാസ്‌ക്വസിന്റെ പിൻഗാമിയായ അന്റോണിയോ റെയ്‌നോസോയെ അവർ പരാജയപ്പെടുത്തി. പത്താം ഡിസ്ട്രിക്ടിൽ മുൻ ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡർ, കോൺഗ്രസംഗം ഡാൻ ഗോൾഡ്മാനെ പരാജയപ്പെടുത്തി. പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ കോൺഗ്രസംഗമായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ ഡാരിയലിസ അവില ഷെവലിയർ പരാജയപ്പെടുത്തി. 32-കാരിയായ ഡാരിയലിസ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്.
പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെ പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.
നമ്മളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പഴയ രാഷ്ട്രീയമല്ല ഈ പ്രതിസന്ധിയിൽ നിന്ന് നമ്മെ കരകയറ്റാൻ പോകുന്നത്, മാംദാനി പറഞ്ഞു.