Image

പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവിനെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Published on 23 June, 2026
പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവിനെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി;  പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

പൂനെയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. 25-കാരനായ കേതൻ വിശാൽ അഗർവാളാണ് മരിച്ചത്. പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ കാൽവഴുതി വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് താഴ്‌വരയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ജൂൺ 19-നായിരുന്നു സംഭവം. ഇത് കേതനെ കൊലപ്പെടുത്താൻ സിയയും ചേതനും ചേർന്ന് നടത്തുന്ന രണ്ടാമത്തെ കൊലപാതക ശ്രമമാണെന്നാണ് പോലീസ് കരുതുന്നത്. അഞ്ചു ദിവസം മുൻപ് ഇവർ നടത്തിയ സമാനമായ ഒരു കൊലപാതക പദ്ധതി പരാജയപ്പെട്ടിരുന്നു. രണ്ടു തവണയും ഇതൊരു അപകട മരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം.

പ്രതിശ്രുത വധുവിനും സുഹൃത്തുക്കൾക്കുമൊപ്പം ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് 350 അടി താഴ്ചയിലേക്ക് വീണ് കേതൻ മരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി സിയയുടെ ജന്മദിനം ആഘോഷിക്കാനാണ് സംഘം കോട്ടയിലെത്തിയത്. പ്രാഥമിക അന്വേഷണ പ്രകാരം, 20-കാരിയായ സിയ 22 കാരനായ ചേതൻ ചൗധരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ നിശ്ചടയിച്ച കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. തങ്ങളുടെ പ്രണയത്തിന് തടസമായി നിന്ന കേതനെ ഇല്ലാതാക്കാൻ ഇവർ ഒന്നിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വിവാഹത്തിന് മുമ്പ് സിയയും കേതനും ചേർന്ന് ബാലിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ എല്ലാ യാത്രാ ക്രമീകരണങ്ങളും പൂർത്തിയായ ശേഷം തന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്ന് സിയ പറഞ്ഞതിനാൽ യാത്ര റദ്ദാക്കുകയായിരുന്നുവെന്ന് കേതൻ അഗർവാളിന്റെ കുടുംബാംഗം പറഞ്ഞു. കേതൻ മഹാബലേശ്വറിലെ ഒരു ആഡംബര റിസോർട്ടിൽ സിയയ്ക്കായി ഒരു ജന്മദിനാഘോഷം ആസൂത്രണം ചെയ്തിരുന്നുവെന്നും, അതിനായി 40 ഓളം മുറികൾ ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലി യാത്ര ഒഴിവാക്കാനായി, ഒരു ഹോട്ടലിലെ ശുചമുറിയിൽ വച്ച് സിയ പാസ്പോർട്ട് കീറിക്കളയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക