Image

4.5 മില്യൺ കുട്ടികൾ മരിക്കാം: ഡിബേറ്റിനു ഇലോൺ മസ്കിനെ വെല്ലുവിളിച്ചു ഖന്ന (പിപിഎം)

Published on 23 June, 2026
4.5 മില്യൺ കുട്ടികൾ മരിക്കാം:  ഡിബേറ്റിനു ഇലോൺ മസ്കിനെ വെല്ലുവിളിച്ചു ഖന്ന (പിപിഎം)

പ്രസിഡന്റ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ വന്നതിനു പിന്നാലെ 'പാഴ്‌വ്യയം' നിയന്ത്രിക്കാനും ആയിരക്കണക്കിനു ഫെഡറൽ ജോലികൾ ഇല്ലാതാക്കാനും നിയോഗിക്കപ്പെട്ട ടെസ്‌ലാ ഉടമ ഇലോൺ മസ്‌ക് മില്യൺ കണക്കിനു കുട്ടികളുടെ മരണത്തിനു കാരണക്കാരനായി എന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് റെപ്. റോ ഖന്ന ആരോപിച്ചു. ഖന്നയ്ക്കു എതിരെ കോടതിയിൽ പോകുമെന്നു മസ്‌ക്  പ്രതികരിച്ചപ്പോൾ പരസ്യ സംവാദത്തിനു അദ്ദേഹത്തെ ഖന്ന വെല്ലുവിളിച്ചു.

യുഎസ് എയ്‌ഡ്‌ ഫണ്ടിംഗ് മസ്‌ക് നിർത്തിവച്ചതു മൂലം 4.5 മില്യണിലധികം കുട്ടികളുടെ മരണം സംഭവിക്കാമെന്നു 'ദ ലാൻസെറ്റ്' മെഡിക്കൽ മാസികയിൽ വന്ന ലേഖനത്തിൽ പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടി ആ മരണങ്ങൾക്കു മസ്‌ക് ഉത്തരവാദിയാണെന്നു ഖന്ന ആരോപിച്ചു. ട്രംപുമായി തല്ലിപ്പിരിയുന്നതിനു മുൻപ് മസ്‌ക് യുഎസ് എയ്‌ഡ്‌ ഫലത്തിൽ അടച്ചു പൂട്ടിയിരുന്നു. ഏജൻസിയുടെ സഹായം ലഭിക്കാത്തതു കൊണ്ടു 4.5 മില്യൺ കുട്ടികൾ മരണം നേരിടുന്നു എന്നാണ് മാസിക പറഞ്ഞത്.

മസ്‌ക് അതിനു ഉത്തരവാദിയാണെന്നു 'I've Had It' പോഡ്‌കാസ്റ്റിൽ ഖന്ന ചൂണ്ടിക്കാട്ടി. "ഈ നുണയനെ കോടതി കയറ്റും" എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. അതിനു പിന്നാലെ തന്റെ എക്‌സിൽ ഖന്നയെ കടന്നാക്രമിക്കയും ചെയ്തു.

സഹായം ലഭിച്ചവരുടെ വിവരങ്ങൾ ചോദിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നു മസ്‌ക് വാദിച്ചു. ഖന്നയെ കൊള്ളക്കാരൻ എന്ന് വിളിക്കയും ചെയ്തു.

ഖന്ന കുറിച്ചു: "ഇലോൺ, നിങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവാണെന്നാണ് ഞാൻ കരുതിയത്. എങ്കിൽ കോടതിയിൽ പോകുമെന്നു ഭീഷണി മുഴക്കുന്നതിനു പകരം എന്തു കൊണ്ട് ഒരു ഡിബേറ്റ് പാടില്ല? നിങ്ങൾക്ക് എന്നെ വിരട്ടാനൊന്നും കഴിയില്ല."

Ro Khanna challenges Elon Musk to debate

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക