
ഡോ. റീനയെ ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റിയത് ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന് ആരോടും പ്രത്യേക വിരോധമോ പ്രതികാരമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പിനുള്ളിൽ നിലവിൽ തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, സർക്കാരിന്റെ തീരുമാനം നിയമപരമായി സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ നിയമിച്ചിരുന്നത്. പകരം അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കായിരുന്നു ചുമതല നൽകിയത്.
എന്നാൽ, പകർച്ചവ്യാധി സമയത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ നിരത്തി സർക്കാർ നടത്തിയ ഈ സ്ഥലംമാറ്റം തെറ്റാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും വാദിച്ചാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ അനുകൂല വിധി നൽകിയതോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.