
തിരുവനന്തപുരം: പുതുതായി അധികാരമേറ്റ യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വൻ അഴിമതിയും കോർപ്പറേറ്റ് കൊള്ളയുമാണ് നടക്കുന്നതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബക്കാർഡി എന്ന കുത്തക മദ്യക്കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ ഗൂഢനീക്കങ്ങൾ നടന്നെന്ന മാധ്യമവാർത്തകൾ ഉദ്ധരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികയും മുൻപേ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തുവെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറയ്ക്കാൻ ചരടുവലികൾ നടന്നത് മാധ്യമങ്ങൾ തെളിവുസഹിതം പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണത്തിലേറി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വകുപ്പ് മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ പോലും അറിയാതെ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ നീക്കങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യു.ഡി.എഫ്. ഇപ്പോൾ സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നത്. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താൻ സഭയിൽ നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് സർക്കാരിന്റെ പരിഭ്രമം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.
തന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കിയത് കൊണ്ട് മാത്രം ഈ അഴിമതിവിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാൻ സാധിക്കില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. നാടിനെ കുത്തകകൾക്ക് തീറെഴുതുന്നതും മദ്യത്തിൽ മുക്കുന്നതുമായ സർക്കാർ നടപടികൾക്കെതിരെ എൽ.ഡി.എഫിനൊപ്പം ജനങ്ങൾ അണിചേരുമെന്നും, അന്യായമായ ഈ നടപടി തിരുത്തിക്കാൻ നാടൊന്നാകെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.