Image

​മുഖ്യമന്ത്രിയെ 'അവൻ, ഇവൻ' എന്ന് വിളിക്കുന്നത് തറവാടിത്തമല്ല; ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാർ

Published on 23 June, 2026
​മുഖ്യമന്ത്രിയെ 'അവൻ, ഇവൻ' എന്ന് വിളിക്കുന്നത് തറവാടിത്തമല്ല; ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാർ

​കൊച്ചി: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകാതിരുന്നത് അദ്ദേഹത്തിന്റെ സമയപരിമിതി കൊണ്ടായിരിക്കാമെന്ന് ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാളെ 'അവൻ', 'ഇവൻ' എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് അന്തസ്സോ തറവാടിത്തമോ അല്ലെന്നും, ആ പദവിക്ക് നൽകേണ്ട ബഹുമാനവും പദവിയും നൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

​വി.ഡി. സതീശൻ കഴിഞ്ഞ 25 വർഷമായി തന്റെ ആത്മസുഹൃത്താണെങ്കിലും വ്യക്തിബന്ധങ്ങൾക്ക് അപ്പുറം അദ്ദേഹത്തെ കാണേണ്ടത് മുഖ്യമന്ത്രിയായിട്ടാണെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വന്ന് കാലുപിടിക്കണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ആ പദവിയെ മാനിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്ന നിലയിലുള്ള അച്ഛന്റെ ഔദാര്യവും, കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ജനങ്ങൾ നൽകിയ സ്നേഹവുമാണ് തന്റെ വിലാസമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

​'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കി. ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ വേണ്ടത്ര യോജിപ്പുണ്ടായിരുന്നില്ലെന്നും, താൻ ഇനി സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അഡ്ഹോക്ക് കമ്മിറ്റി കൃത്യമായ കണക്കുകൾ ബോധിപ്പിച്ചു മുന്നോട്ടു പോകുമെന്നും, സംഘടനയ്ക്കുള്ളിലെ സൗന്ദര്യപ്പിണക്കങ്ങൾ ഉള്ളിൽ ഒതുക്കാമായിരുന്നിട്ടും അതിന് സാധിക്കാത്തത് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ജനാധിപത്യരീതിയിൽ അടുത്ത തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക