Image

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമർശം ഹൈക്കോടതി നീക്കി

Published on 23 June, 2026
 സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമർശം ഹൈക്കോടതി നീക്കി

 

കൊച്ചി: പൊന്നാനി എം പി അബ്ദുസ്സമദ് സമദാനിയെ പ്രശസ്ത മലയാളി എഴുത്തുകാരി കമല സുരയ്യയുടെ (മാധവിക്കുട്ടി) മതപരിവർത്തനവുമായി ബന്ധപ്പെടുത്തുകയും, അതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത റിട്ട് ഹർജിയിലെ പരാമർശങ്ങൾ കേരള ഹൈക്കോടതി നീക്കം ചെയ്തു.

കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ 'ആമി' എന്ന മലയാള സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ റിട്ട് ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കെ പി രാമചന്ദ്രൻ എന്നയാളാണ് അന്ന് ഹർജി നൽകിയത്.

അഡ്വക്കേറ്റ് അരുൺ കൃഷ്ണ ധൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സമദാനിക്കെതിരായ ഈ പരാമർശങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉത്തരവിട്ടത്. 1999ലായിരുന്നു മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചത്.

സമദാനിക്ക് മാധവിക്കുട്ടിയോട് അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി അവരെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് മതം മാറ്റുകയുമായിരുന്നു എന്നുമായിരുന്നു ഹർജിയിലെ ആരോപണം. കേരളത്തിലെ 'ലൗ ജിഹാദിന്റെ' തുടക്കം ഇതായിരുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

എന്നാൽ ഹർജിക്കാരൻ സമദാനിയെ 'ലൗ ജിഹാദുമായി' മനഃപൂർവ്വം ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. ഈ ആരോപണങ്ങൾ അത്യന്തം അപകീർത്തികരവും നിന്ദ്യവുമാണെന്ന് സമദാനി കോടതിയിൽ വ്യക്തമാക്കി. 'ലൗ ജിഹാദ്' എന്നത് കേവലം സങ്കൽപ്പം മാത്രമാണെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും, കേരളത്തിൽ ലൗ ജിഹാദ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സമദാനി കോടതിയെ ബോധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക