Image

കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

Published on 23 June, 2026
കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ് അനുസരിച്ച്, കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭയിലെ കാലാവധി തീർന്നമുറയ്ക്കാണ് അദ്ദേഹത്തിന്റെ രാജി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു 65-കാരനായ ജോർജ് കുര്യൻ. 2024 ജൂൺ 9-ന് കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം, ജൂൺ 11-ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെയും മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെയും ചുമതല ഏറ്റെടുത്തു.
1980-ൽ ഭാരതീയ ജനതാ പാർട്ടിയിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ അദ്ദേഹം പാർട്ടി രൂപീകരിക്കപ്പെട്ടതു മുതൽ അംഗമാണ്.സുപ്രീം കോടതിയിൽ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
1960 സെപ്റ്റംബർ 20ന് കോട്ടയം ജില്ലയിലെ കാണക്കാരിക്കടുത്ത നമ്പ്യാകുളത്ത് ജനിച്ച കുര്യൻ സ്വദേശത്താണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ വൈസ് ചെയർമാനായും മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലിന്റെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായും (ഒ.എസ്.ഡി.) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക