Image

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞ് ആരെങ്കിലും തുറന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും: എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ ആശങ്ക ആവർത്തിച്ച് ഹൈക്കോടതി

Published on 23 June, 2026
കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞ് ആരെങ്കിലും തുറന്നാൽ  പ്രത്യാഘാതം ഗുരുതരമായിരിക്കും: എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ ആശങ്ക ആവർത്തിച്ച് ഹൈക്കോടതി

എറണാകുളം: കേരള തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് രണ്ട് കണ്ടെയ്നറുകൾ ചോർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശക്തമായ കടൽക്ഷോഭത്തിലും വലിയ തിരമാലകളിലും പെട്ട് ഈ കണ്ടെയ്നറുകൾ എങ്ങാനും തീരത്തേക്ക് അടിച്ചുകയറുകയും, അത് അവിടുള്ള ആരെങ്കിലും തുറന്നുനോക്കുകയും ചെയ്താൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഹൈക്കോടതി ആശങ്കയോടെ ചോദ്യമുന്നയിച്ചു.

കേരള തീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെയും കോടതി ശക്തമായി വിമർശിച്ചു. മുങ്ങിക്കിടക്കുന്ന കപ്പലിൽ 12 കണ്ടെയ്‌നറുകളിൽ അപകടകരമായ കാൽസ്യം കാർബൈഡ് 339.02 മെട്രിക് ടൺ ഉണ്ടായിരുന്നു.

70 കണ്ടെയ്‌നറുകിലായി 1836.1 മെട്രിക് ടൺ നർഡിൽസും. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ഉത്തരവാദിത്വമുള്ളവർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോടതി പറഞ്ഞു. കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണിക്കെയാണ് കോടതിയുടെ ഈ വിമർശനം.

ചോർന്നിട്ടുള്ള കണ്ടെയ്‌നറുകൾ നിലവിൽ സുരക്ഷിതമാണെങ്കിലും ആശങ്ക നിലനിൽക്കുന്നുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിലും കോടതിയ്ക്ക് കണ്ണടയ്ക്കാൻ ആവില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കടലിലെയും തീരത്തെയും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക