
പ്രസിഡന്റ് ട്രംപിന്റെ ഡയറക്‌ടർ ഓഫ് നാഷനൽ ഇന്റലിജൻസ് എന്ന നിലയിൽ രാജ്യത്തിൻറെ രഹസ്യങ്ങൾ സൂക്ഷിച്ചിരുന്ന തുൾസി ഗാബർഡിനു ഒരു മത സ്ഥാപനവുമായി ഉള്ള ബന്ധങ്ങൾ ചോദ്യങ്ങൾ ഉയർത്തി. സയൻസ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിൽ നിന്നു ഹിന്ദു മത വിശ്വാസിയായ സമോവൻ വംശജ ഉപദേശം തേടിയിരുന്നോ എന്നതാണ് സംശയം ഉയർത്തുന്നത്.
കുട്ടിയായിരുന്ന കാലം മുതലേ ഗാബർഡിനു സ്ഥാപനവുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പുറത്തു വന്നിട്ടുളള 25,000 പേജ് റിപ്പോർട്ടിൽ പറയുന്നത്. 'ഗുരു' എന്നു ഗാബർഡ് വിളിക്കുന്ന ക്രിസ് ബട്ലർ ആണ് സ്ഥാപനത്തിന്റെ നേതാവ്.
ഗുരുവിന്റെ കൂടെയും പിന്നീട് ഗാബർഡിന്റെ ക്യാമ്പയ്‌നിലും പ്രവർത്തിച്ചിട്ടുള്ള റെബേക്ക സാൾട്സ്ബർഗ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്.
ഗാബർഡിന്റെ മാതാപിതാക്കൾ സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നു റിപ്പോർട്ടിൽ പറയുന്നു. ഗുരുവിനു അനുയായികളുടെ ജീവിതത്തിനു മേൽ ഗണ്യമായ നിയന്ത്രണം ഉണ്ടെന്നു മുൻ അംഗങ്ങൾ 'വാഷിംഗ്‌ടൺ പോസ്റ്റ്' പത്രത്തോടു പറഞ്ഞു.
വീരാരാധന നിലവിലുള്ള മത വിഭാഗമാണ് ഫൗണ്ടേഷൻ എന്ന ആരോപണം അവർ നിഷേധിക്കുന്നു. അതേ സമയം, പത്രം വിലയിരുത്തിയ സ്ഥാപനത്തിന്റെ രേഖകളിൽ ഗാബർഡ് കോൺഗ്രസ് അംഗമായിരിക്കെ കൈകാര്യം ചെയ്ത നിയമനിർമാണം, നയപരമായ കാര്യങ്ങൾ എന്നിവയൊക്കെയുമായി ബന്ധപ്പെട്ട രേഖകളുണ്ട്. അവയിലൊക്കെ അവർക്കു സ്ഥാപനം മാർഗ നിർദേശം നൽകിയോ എന്നതാണ് ചോദ്യം.
ചില രേഖകളിൽ ഗാബർഡിന്റെ ജോലി വിലയിരുത്തുകയും ചില വിഷയങ്ങൾ എങ്ങിനെ അവതരിപ്പിക്കണമെന്നു നിർദേശം നൽകുകയും ചെയ്യുന്നുണ്ട്. പല റെക്കോർഡുകളും 'ഗുരു'വിന്റെ ഓഫിസിലെ ഡൊമെയ്‌നിലേക്കു ബന്ധപ്പെടുത്തിയിട്ടുണ്ട്.
2016ലെ ഒരു രേഖ സിറിയയിൽ ഏകാധിപതി ബാഷർ അൽ അസദിനെ നീക്കം ചെയ്യാൻ നടന്ന യുഎസ് ശ്രമങ്ങളെ എതിർക്കുന്നതാണ്. പിന്നീട് ഗാബർഡ് അവലംബിച്ച നിലപാടുകൾ ഈ രേഖകളിൽ കാണുന്ന നിർദേശങ്ങൾക്ക് അനുകൂലമാണ്.
പത്ര റിപ്പോർട്ട് ഹിന്ദു വിരുദ്ധമാണെന്നു ഗാബർഡിന്റെ സഹായികൾ ആരോപിച്ചു.
Tulsi Gabbard’s 'guru' ties raise questions