Image

ഏദനിലെ താമസക്കാർ (നോവല്‍-20 ലൈല അലക്‌സ്)

Published on 22 June, 2026
ഏദനിലെ താമസക്കാർ (നോവല്‍-20 ലൈല അലക്‌സ്)

ഏറെ വൈകിയാണ് രാജീവനും കമലയും ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്. ഡോക്ടറെയും കണ്ട്, വനജയേയും കണ്ട് എല്ലാം ഭദ്രമാണെന്ന് ഉറപ്പാക്കിയ ശേഷം.
'മുറിവ് സ്റ്റിച് ചെയ്തു. കുറച്ചു ഡീപ് ആണ്. ഒരുപാട് ബ്ലഡ് ലോസ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു ഫോർട്ടി എയ്റ്റ് അവേഴ്‌സ് ഐ.സീ.യുവിൽ  കിടക്കട്ടെ. നിങ്ങൾ പോയി കണ്ടോളൂ. ഷി ഇസ് അവെയ്‌ക് ആൻഡ് ഫൈൻ'  ഡോക്ടർ അവരോടു  പറഞ്ഞു. 
രാജീവനും കമലയും അകത്തു കയറി വനജയെ കണ്ടു. തല മുക്കാലും ബാൻഡേജ് പൊതിഞ്ഞുള്ള ആ കിടപ്പു കണ്ടപ്പോൾ രാജീവനു സങ്കടം തോന്നി.
'വനജാ...' രാജീവൻ അവളുടെ കൈപിടിച്ച്, മൃദുവായി തലോടി. മുഖം അവളുടെ നേരെ അടുപ്പിച്ചുകൊണ്ട് ചോദിച്ചു. 'നിനക്ക് എന്താ പറ്റിയത്?'
തളർന്ന ഒരു ചിരിയായിരുന്നു മറുപടി. 
'കുഞ്ഞുങ്ങൾ?' അവളുടെ ചുണ്ടനങ്ങി .
'മമ്മിയ്ക്കു തലവേദന കൂടി. ഹോസ്പിറ്റലിൽ പോയിരിക്കയാ എന്നാണ് അവരോടു പറഞ്ഞിരിക്കുന്നത്. അവർ മമ്മയുടെ കൂടെയാ.'
'ങും...' അവളൊന്നു മൂളി.
അല്പം കഴിഞ്ഞു രാജീവൻ ചോദിച്ചു: 'എന്താ സംഭവിച്ചത്? നീ ആരുടെ കാര്യമാ കമലയോടു പറഞ്ഞത്?'
'അന്ന് വന്ന ആൾ തന്നെയാ. കറുത്ത ഹുഡി ധരിച്ച ആൾ. എന്നെ കൊല്ലാനാ വന്നത്' വനജ പരിക്ഷീണയായി പറഞ്ഞു.
'ആര്? ആരാണയാൾ?' രാജീവൻ ചോദിച്ചു
'എനിക്കറിയില്ല. സത്യമായിട്ടും എനിക്കറിയില്ല.' 
ഭയം അവളുടെ കണ്ണുകളിലേക്കു ഇരച്ചു കയറി. ശ്വാസോച്ഛ്വാസo ദ്രുതഗതിയിലായി. പേഷ്യൻറ് മോണിറ്ററിൽ വനജയെ നോക്കിക്കൊണ്ടിരുന്ന നേഴ്സ് ഓടിയെത്തി. 
'സർ' നേഴ്സ് ഇടപെട്ടു. 'രോഗിയെ ഡിസ്റ്റർബ് ചെയ്യരുത്. ഷി നീഡ്‌സ് റ്റു റെസ്ററ്...' 
'ഓകെ.. ഓകെ' രാജീവൻ പറഞ്ഞു. പിന്നെ തിരിഞ്ഞു വനജയോടായി:  
'ഞങ്ങൾ പുറത്തിരിക്കാം.
അവർ പുറത്തേക്കു ഇറങ്ങുമ്പോൾ നേഴ്സ് അവരോടു പറഞ്ഞു. 
'ഇവിടെ പുറത്തു ഇരിക്കണമെന്നില്ല സർ. നന്നായി ഉറങ്ങാനായി ഇപ്പോൾ സെഡേഷൻ എന്തെങ്കിലും കൊടുക്കും. എന്തെങ്കിലും ആവശ്യമുണ്ടായാൽ ഞങ്ങൾ വിളിച്ചോളാം...'
വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ അയാൾ കമലയോട് ചോദിച്ചു:
'കാര്യങ്ങൾ ഡേഞ്ചറസ് ആകുന്നു അല്ലേ.' 
കമല വെറുതെ മൂളി.  
'വനജയെ കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറ്റിയാലോ?' അയാൾ ചോദിച്ചു.
'വരട്ടെ, അതിനു മുൻപേ, ലെറ്റ് അസ് ഹിയർ വാട് ബാലു സെയ്‌സ്...  വനജ  ആരെയോ കണ്ടു എന്നല്ലേ പറയുന്നത്..’
'നോ, ഐ ഡോണ്ട് തിങ്ക് സൊ. ' 
ഒന്ന് നിർത്തി, ദുഖത്തോടെ അയാൾ തുടർന്നു:
'കമലാ കുഡ് ഷി ബി ഇൽ? മെൻറലി ഇൽ...' 
കമല വീണ്ടും ഒന്നും പറഞ്ഞില്ല.
രാജീവൻ തുടർന്നു .
'എന്തെങ്കിലും ട്രീറ്റ്‌മെൻറെ... പക്ഷേ ഇവിടെ അടുത്തെങ്ങും വേണ്ടാ. എൻറെ വൈഫ് മനോരോഗിയാണെന്നു മറ്റാളുകൾ അറിയുന്നത്.....' അയാൾ തുടരാനാവാതെ നിർത്തി.
'വരട്ടെ... ആവശ്യമുണ്ടെങ്കിലല്ലേ?' 
'പിന്നെ എന്താണ് ഇതൊക്കെ?' 
'നോക്ക്. നൗ ഷി ഈസ് വെരി അപ്സെറ്റ്. വിശ്രമം ആണ് ആവശ്യം. വേറെ ഒന്നും ആലോചിക്കേണ്ട.' കമല അയാളെ ആശ്വസിപ്പിച്ചു. 
'അല്ല, ഇനി വേണമെങ്കിൽ ഡോക്ടർ മാത്യുവിൻറെ നഴ്സിംഗ് ഹോമിൽ  കുറച്ചു ദിവസം അഡ്മിറ്റ് ആകട്ടെ. അവിടെ ആകുമ്പോൾ ഡോക്ടറുടെ മേൽനോട്ടത്തിൽ കുറച്ചു കൗൺസലിംഗും, യോഗയും ഒക്കെ കൂടി മനസിന് ഒരു ഉന്മേഷവും വരും....' രാജീവൻറെ വീടിനു മുൻപിൽ കാർ  നിർത്തിക്കൊണ്ട് കമല പറഞ്ഞു.  
'ഇതൊക്കെ പതുക്കെ ആലോചിക്കാം. യു ആൾസോ ഗോ റെസ്റ്റ്...' 
കമല കാർ തിരിച്ചു .
'സർ, കൊച്ചമ്മയ്ക്കു...?'. വാതിൽ തുറന്നുകൊടുത്തുകൊണ്ടു ജോലിക്കാരി സുഭദ്ര അയാളോട് ചോദിച്ചു. അവൾ ആകെ പേടിച്ചിരുന്നു. 
'ങും...' അയാൾ മൂളി. 'ഇതൊക്കെ നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു?'
'ബാലൻ പിള്ള ഇന്ന് പണിക്കു വരാത്തതുകൊണ്ടു, ഞാനാ മാർക്കറ്റിൽ പോയത്. അപ്പോഴാ സർ...'
'സർ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്...' സുഭദ്ര പറഞ്ഞു. 
'വേണ്ട...'
രാജീവൻ സ്റ്റെയർകേസ് കയറി മുകളിലെ കിടപ്പുമുറിയിലേക്ക് പോയി. കുളിച്ചെന്നു വരുത്തി, വേഷം മാറി അയാൾ ഉറങ്ങാൻ കിടന്നെങ്കിലും ആ രാത്രി ഉറക്കം അയാളെത്തേടി വന്നതേയില്ല. ഒരു ചലച്ചിത്രത്തിലെന്നപോലെ പകലത്തെ സംഭവങ്ങൾ അയാളുടെ മനസ്സിൽ ഓരോന്നായി തെളിഞ്ഞുകൊണ്ടിരുന്നു. മെഡിക്കൽ ടെക്നിഷ്യൻസ് എടുത്തുകൊണ്ടു വരുന്ന രക്തത്തിൽ കുളിച്ച വനജയുടെ രൂപം അയാളുടെ കണ്മുന്നിൽ മായാതെ നിന്നു.

Read More: https://www.emalayalee.com/writer/69


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക