
കണ്ണൂർ വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണം വേണമെന്ന് പള്ളി അധികൃതർ. സംഭവവുമായി ബന്ധപ്പെട്ട് കല്ലറയിലുണ്ടായിരുന്ന മൃതദേഹങ്ങളുടെ ബന്ധുക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
2006-ൽ അടക്കം ചെയ്ത മറിയം മൊയ്യപ്പള്ളിയിലിന്റെയും, 2015-ൽ അടക്കം ചെയ്ത ജയിംസ് കൂമ്പുക്കലിന്റെയും ബന്ധുക്കളെയാണ് പള്ളി അധികൃതരുടെ സഹായത്തോടെ പോലീസ് സ്ഥലത്തെത്തിച്ചത്. ഇരു കുടുംബാംഗങ്ങളും എത്തി കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിലെ അസ്വാഭാവികത മാറാൻ വിപുലമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്.ഐ എം.ജെ. ബെന്നി അറിയിച്ചു. ഇതിന്റെ ഭാഗമായി കല്ലറ തുറന്ന് വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ ദുരൂഹതകളൊന്നുമില്ലെന്ന നിഗമനത്തിലാണ് പോലീസെങ്കിലും സംശയത്തിന്റെ നേരിയ സാഹചര്യം പോലും ഒഴിവാക്കാനാണ് ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ വ്യക്തമാക്കി.
ഈ മാസം 13-ന് ഇടവകയിൽ മരിച്ച മറ്റൊരാളെ സംസ്കരിക്കാനായി പൊതുകല്ലറ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കല്ലറയ്ക്കുള്ളിൽ ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും, രണ്ടാമത്തേത് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കുന്ന പതിവില്ലാത്തതാണ് ആശങ്കയ്ക്ക് കാരണമായത്.