
യുഎസ്-ഇറാൻ തുടർ ചർച്ചകൾ സ്വിറ്റസർലൻഡിലെ ബർഗൻസ്റ്റോക്കിൽ ആരംഭിച്ചതായി ഞായറാഴ്ച്ച ഖത്തർ വിദേശകാര്യ മന്ത്രി കാര്യാലയം ദോഹയിൽ അറിയിച്ചു.
ഖത്തറും പാക്കിസ്ഥാനുമാണ് മധ്യസ്ഥത വഹിക്കുന്നത്. ധാരണാപത്രത്തിൽ വിഭാവനം ചെയ്യുന്ന സ്ഥിരവും സമഗ്രവുമായ തീർപ്പുകൾ ഈ ചർച്ചകളിൽ ഉരുത്തിരിയുമെന്നു അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സാങ്കേതികമായ അറിവുള്ളവർ ഉൾപ്പെട്ട പ്രത്യേക ഗ്രൂപ്പുകൾക്കു രൂപം നൽകിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ ചർച്ച ചെയ്യും.
ധാരണാപത്രം നടപ്പാക്കാൻ പ്രത്യേക ഗ്രൂപ്പുകൾക്കു രൂപം നൽകിയിട്ടുമുണ്ട്.
യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ സംഘത്തെ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ഗാലിബാഫുമാണ് നയിക്കുന്നത്.
$6 ബില്യൺ ഉടൻ ലഭിക്കുമെന്നു ഇറാൻ
ഖത്തർ ബാങ്കിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ $6 ബില്യൺ ഉടൻ വിട്ടുകിട്ടുമെന്നു അതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
ധാരണാപത്രത്തിൽ എല്ലാ വ്യവസ്ഥകളും ഇറാന് അനുകൂലമാണെന്നു അദ്ദേഹം പറഞ്ഞതായി തസ്‌നിം ന്യൂസ് ഏജൻസി പറഞ്ഞു. പ്രസിഡന്റ് ട്രംപ് തങ്ങൾക്കു വിലക്കിയതെല്ലാം തങ്ങളുടെ അവകാശമാണ് എന്നാണ് ഇപ്പോൾ അദ്ദേഹം സമ്മതിച്ചിട്ടുള്ളത്.
ഖത്തറിൽ മരവിപ്പിച്ച $6 ബില്യൺ മടക്കി കൊടുക്കുമെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
മാനുഷിക ആവശ്യങ്ങൾക്കു മാത്രമേ ഈ പണം വിനിയോഗിക്കാവൂ എന്ന വ്യവസ്ഥയുണ്ടെന്നു പത്രം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയിൽ നിന്നുള്ള ഈ വരുമാനം സൗത്ത് കൊറിയൻ ബാങ്കുകളിലാണ് ആദ്യം കിടന്നിരുന്നത്. 2022ലാണ് അത് ഖത്തറിലേക്കു മാറ്റിയത്.
US-Iran talks kick off in Switzerland