
ന‍്യൂഡൽഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. 1978 മുതലുള്ള തന്‍റെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് പറഞ്ഞു.
അധ‍്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അർഹതയും യോഗ‍്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.
അതേസമയം, എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ‍്യപ്പെട്ട് കോട്ടയം ഡിസിസി ഓഫിസിന് മുന്നിലടക്കം വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു. എംഎൽഎമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ് ബോർഡുകളിൽ ഉണ്ടായിരുന്നത്.