
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക ചോര്‍ച്ചയില്‍ ഏഴു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 67 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒമ്പതു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച തിരുവള്ളൂര്‍ ജില്ലയിലെ പെരിപായളത്തിനു സമീപത്തെ കനിഗൈപെയറിലാണ് സംഭവം.
സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായാണ് തൊഴിലാളികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് തിരുവള്ളൂര്‍ ജില്ല കളക്റ്റര്‍ എസ്. കവിത പറഞ്ഞു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. ഇതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.