Image

നീറ്റ് പുനഃപരീക്ഷ; ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിൽ അണിചേരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

Published on 21 June, 2026
നീറ്റ് പുനഃപരീക്ഷ; ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിൽ അണിചേരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നീറ്റ് ക്രമക്കേടിന് എതിരായ പ്രതിഷേധം രണ്ടാം ദിവസവും പുരോഗമിക്കുന്നു. നേരത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, നീറ്റ് യുജി പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്നിരുന്നു. കൂടാതെ പരീക്ഷ കഴിഞ്ഞ ശേഷം ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്‌തു.

നീറ്റ് പുനഃപരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ. പരീക്ഷ കഴിഞ്ഞാൽ ജന്തർ മന്തറിലേക്ക് എത്തൂ. നിങ്ങളെ എല്ലാവരെയും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നായിരുന്നു അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച പോസ്‌റ്റിൽ പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) റദ്ദാക്കിയിരുന്നു

തുടർന്ന് കേന്ദ്ര സർക്കാർ കേസ് സിബിഐക്ക് കൈമാറുകയും സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. അതിനിടെ, പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായെന്നാരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്.

 പരീക്ഷാ സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്വവും സമഗ്രമായ പരിഷ്‌കാരങ്ങളും നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ശനിയാഴ്‌ച ആരംഭിച്ച പ്രതിഷേധം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന് ശനിയാഴ്‌ച വൈകിട്ട് 5 മണിവരെ മാത്രമാണ് അനുമതിയെന്നു ഡൽഹി പോലീസ് അറിയിക്കുകയും പ്രതിഷേധക്കാർ സ്ഥലമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക