Image

ഇരട്ടപ്പദവിയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് അഡ്വ. സണ്ണി ജോസഫ്

Published on 21 June, 2026
ഇരട്ടപ്പദവിയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് അഡ്വ. സണ്ണി ജോസഫ്

കണ്ണൂർ: കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താൻ നേരത്തെ തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം ഇരിട്ടിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഘടനാ ചുമതലയും ഭരണപരമായ ഉത്തരവാദിത്തങ്ങളും ഒരുപോലെ നിർവ്വഹിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഹൈക്കമാൻഡ് എപ്പോൾ ആവശ്യപ്പെടുന്നുവോ, ആ നിമിഷം തന്നെ താൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഇരട്ടപ്പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതിനോട് മന്ത്രിവിയോജിപ്പ് രേഖപ്പെടുത്തി. "എനിക്കെതിരെ ഫ്ലെക്സ് വെക്കുന്നത് ആരാണെന്ന് അറിയില്ല. ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ അത് പരസ്യമായി തെരുവിൽ കാണിക്കാതെ പാർട്ടി യോഗങ്ങളിലാണ് പറയേണ്ടത്. നേതൃത്വത്തോട് നേരിട്ട് കാര്യങ്ങൾ വ്യക്തമാക്കാം. എങ്കിലും, ഇരട്ടപ്പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സുകളിൽ ഉന്നയിച്ചിരിക്കുന്ന ആവലാതികളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കും," സണ്ണി ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക