
കേരളത്തിലെ കൗമാരക്കാർക്കിടയിൽ വലിയ സ്വാധീനമുള്ള വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. അശ്ലീലദൃശ്യങ്ങളും നഗ്നചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്ന സംഭവത്തിലാണ് എറണാകുളം റൂറൽ സൈബർ പോലീസ് ഐടി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കളുടെ നഗ്നവിഡിയോകൾ നിഹാദ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സ്വന്തം ഔദ്യോഗിക അക്കൗണ്ടുകൾ വഴി പുറത്തുവിട്ടതായി പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസിന്റെ ഈ അടിയന്തിര നടപടി. പരാതിയുടെ ഗൌരവം കണക്കിലെടുത്ത്, തൊപ്പിയും കൂട്ടാളികളും അടങ്ങുന്ന സംഘത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഉത്തരവിട്ടിട്ടുണ്ട്
കേവലം അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നതിൽ മാത്രമല്ല ഈ കേസ് അവസാനിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം, മയക്കുമരുന്ന് ഉപയോഗം, മാരക ലഹരിമരുന്നായ എംഡിഎംഎയുടെ വിപണനവും ഉപയോഗവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, വിവിധ സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളിലാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ ഡിജിപി നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.