
കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 21(ഞായർ) വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.
ഭാര്യ : വിജയലക്ഷ്മി,മക്കൾ - ഡോ.വൃന്ദ ജയകുമാർ(റിട്ട:പ്രൊഫസർ, ഡി.ബി കോളേജ് ,ശാസ്താംകോട്ട), വിജു നാരായൺ(ഡെപ്യൂട്ടി ഡയറക്ടർ,ലോക്സഭ സെക്രട്ടേറിയറ്റ്),വിവേക് നാരായൺ (മാനേജിങ്ങ് എഡിറ്റർ,നെറ്റ് വർക്ക് 18)
2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
കേരളസാഹിത്യ അക്കാദമി,ഓടക്കുഴൽ,കേരള പാണിനി,വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1934 ൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം കരുവാറ്റ എൻ.എസ്.എസ്. ഹൈസ്കൂളിലും തുടർ പഠനം ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളജ്, ഗാസിയാബാദിലെ എം. എം. കോളജ് എന്നിവിടങ്ങളിലുമായി പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ബി.എഡും പാസാക്കിയ നാരായണക്കുറുപ്പ് 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ച ഇദ്ദേഹം, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ,
ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി സാഹിത്യപണ്ഡിതനും കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെമ്പറും ആയിരുന്നു.