Image

ഇന്ത്യൻ പുരുഷൻമാരെ ഡേറ്റ് ചെയ്യരുത്, വിവാഹവും കഴിക്കരുത്': ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത്; യുവതികൾക്ക് മുന്നറിയിപ്പുമായി റിലേഷൻഷിപ്പ് കോച്ച്

Published on 20 June, 2026
ഇന്ത്യൻ പുരുഷൻമാരെ ഡേറ്റ് ചെയ്യരുത്, വിവാഹവും  കഴിക്കരുത്':  ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത്; യുവതികൾക്ക് മുന്നറിയിപ്പുമായി റിലേഷൻഷിപ്പ് കോച്ച്

ന്യൂഡൽഹി: ഇന്ത്യൻ പുരുഷന്മാരെ ഡേറ്റ് ചെയ്യുകയോ അവരെ വിവാഹം കഴിക്കുകയോ ചെയ്യരുതെന്ന പ്രമുഖ റിലേഷൻഷിപ്പ് കോച്ചിന്റെ ഉപദേശം സോഷ്യൽ മീഡിയയിൽചർച്ചയാകുന്നു. 15 വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ചേത്‌ന ചക്രവർത്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ യുവതികൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.

പരമ്പരാഗത കുടുംബ വ്യവസ്ഥിതികളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും സമീപകാലത്തുണ്ടായ ചില സാമൂഹിക സംഭവങ്ങളും ചൂണ്ടിക്കാണിച്ചാണ് ചേത്‌നയുടെ പ്രതികരണം.

ഭോപ്പാലിലെ മോഡൽ ട്വിഷ ശര്‍മയുടെ മരണം, 370 രൂപ ബിരിയാണി വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് ചേത്ന ഇങ്ങനെ പറഞ്ഞത്. ആയിരക്കണക്കിന് സ്ത്രീധന മരണങ്ങൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് ഗാർഹിക പീഡന കേസുകൾ പുറത്തുവരുകയും ചെയ്യുന്ന ഒരു രാജ്യത്ത്, സ്ത്രീകൾ അവിവാഹിതരായിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ തുറന്നുപറയുന്നു.

"മാനസികരോഗികളായ അമ്മായിയമ്മമാർ, പീഡിപ്പിക്കുന്ന ഭർത്താക്കന്മാർ, ഒരു പെൺകുട്ടിക്ക് 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയാൽ അവളിൽ നിന്ന് എന്തും പ്രതീക്ഷിക്കാമെന്ന് കരുതുന്ന ആൺകുട്ടികൾ..അവർക്കിടയിൽ ജീവിക്കുന്നതിനേക്കാൾ, ഇന്ത്യൻ സ്ത്രീകൾ ഇനി ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കാതിരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കണമെന്നാണ് ഞാൻ കരുതുന്നത്." ചേത്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിക്കുന്നു.

"അതെ, കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു റിലേഷൻഷിപ്പ് കോച്ചിന്‍റെ വാക്കുകളായി തന്നെ ഇത് എടുത്തോളൂ. എനിക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന കേസുകളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ, എന്‍റെ പ്രിയപ്പെട്ട സ്ത്രീകളെ, നിങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത്തരം കുടുംബങ്ങളും, നട്ടെല്ലില്ലാത്തവരും പീഡകരുമായ ഈ ആൺകുട്ടികളും നിങ്ങളെ ഒട്ടും അർഹിക്കുന്നില്ല," ചക്രവർത്തി കൂട്ടിച്ചേർത്തു. 

കഠിനമായ സാഹചര്യങ്ങളിൽ തുറന്ന ആശയവിനിമയം നടത്താൻ ഇന്ത്യൻ പുരുഷന്മാർക്ക് അറിയില്ല. തർക്കങ്ങളിൽ കൃത്യമായ മറുപടിയില്ലാതാകുമ്പോൾ അവർ മൗനം പാലിക്കുകയോ സ്ത്രീകളെ 'അഹങ്കാരികൾ' എന്ന് മുദ്രകുത്തുകയോ ചെയ്യുന്നു. മാസത്തിലൊരിക്കൽ ഒരു ഡിന്നർ ഡേറ്റ് പ്ലാൻ ചെയ്യുന്നതാണ് പ്രണയമെന്നാണ് പലരും കരുതുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിലെ ചെറിയ പരിഗണനകളാണ് യഥാർത്ഥ പ്രണയമെന്ന് അവർ തിരിച്ചറിയുന്നില്ല.സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരു പങ്കാളിയോട് ചെയ്യുന്ന ഉപകാരമല്ല, മറിച്ച് സ്വന്തം ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാൻ പല പുരുഷന്മാരും തയ്യാറാകുന്നില്ല.

"സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഇന്നത്തെ പെൺകുട്ടികൾ അനാവശ്യമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടതില്ല. കരിയർ കെട്ടിപ്പടുക്കാനും സ്വന്തം പണം ആസ്വദിക്കാനും അവർക്ക് സാധിക്കും. അർഹതയിതുറന്നുപറയുന്നുല്ലാത്ത പുരുഷന്മാർക്കായി ജീവിതം പാഴാക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്."ചക്രവർത്തി തുറന്നുപറയുന്നു

ചേത്‌നയുടെ വീഡിയോ പുറത്തുവന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പല നഗരങ്ങളിലെയും യുവതികൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചു.

എന്നാൽ, എല്ലാ പുരുഷന്മാരെയും ഒരേ രീതിയിൽ പൊതുവൽക്കരിക്കുന്നത് തെറ്റാണെന്ന് മറുവിഭാഗം വാദിക്കുന്നു. നല്ല രീതിയിൽ പെരുമാറുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാരുണ്ടെന്നും, ഇത് വ്യക്തികളുടെ വളർന്നു വന്ന സാഹചര്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും വിമർശകർ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക