
മെയ്ൻ സംസ്ഥാന ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ അമേരിക്കൻ നീരവ് ഷാ പരാജയം സമ്മതിച്ചു. ആർക്കും 50% വോട്ട് കിട്ടാതെ വന്ന ആദ്യ റൗണ്ടിനു ശേഷം നടന്ന റാങ്ക്ഡ് ചോയിസിൽ ഹന്നാ പിൻഗ്രി മുൻ സംസ്ഥാന സി ഡി സി ഡയറക്റ്ററായ ഷായെ പിൻതള്ളുകയായിരുന്നു.
ആദ്യ റൗണ്ടിൽ 50% എത്തിയില്ലെങ്കിലും 26.8% നേടി ഷാ ആയിരുന്നു മുന്നിൽ. പിൻഗ്രി 22.8% വോട്ടോടെ രണ്ടാം സ്ഥാനത്തും. കുറഞ്ഞ വോട്ട് കിട്ടിയവരെ ഒന്നൊന്നായി നീക്കം ചെയ്തു നടത്തിയ ടാബുലേഷൻ വെള്ളിയാഴ്ച്ചയാണ് അവസാനിച്ചത്.
നാലാമത്തെ അന്തിമ റൗണ്ടിൽ പിൻഗ്രി 56.2% വോട്ട് നേടി സ്ഥാനാർഥിത്വം ഉറപ്പിച്ചപ്പോൾ ഷായ്ക്കു ലഭിച്ചത് 43.8% ആയിരുന്നു.
പ്രചാരണത്തിൽ സഹായിച്ച ഓരോരുത്തർക്കും ഷാ നന്ദി പറഞ്ഞു. പിൻഗ്രിയെ വിളിച്ചു അഭിനന്ദനം അറിയിക്കയും നവംബർ 3 തിരഞ്ഞെടുപ്പിന് പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
അഗാധമായ വിശ്വാസത്തിൽ ഉറച്ച പ്രചാരണം നടത്തിയ പിൻഗ്രിയുടെ വിജയം സംസ്ഥാനത്തിനു പ്രയോജനപ്പെടുമെന്ന് ഷാ പറഞ്ഞു.
റിപ്പബ്ലിക്കൻ ബോബി ചാൾസ് ആണ് പിൻഗ്രിയുടെ പ്രധാന എതിരാളി. സ്വതന്ത്രനായി റിക്ക് ബെന്നറ്റും രംഗത്തുണ്ട്. നിലവിൽ ഡെമോക്രാറ്റ് ജാനറ്റ് മിൽസ് ആണ് ഗവർണർ.
Nirav Shah concedes Maine Governor primary race