Image

വീടിനോട് ചേർന്ന ഷെഡില്‍ മധ്യവയ്‌സക വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനായി തെരച്ചില്‍

Published on 20 June, 2026
വീടിനോട് ചേർന്ന ഷെഡില്‍ മധ്യവയ്‌സക വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനായി തെരച്ചില്‍

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവില്‍ മധ്യവയസ്‌കയെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബീച്ചിനടുത്ത് നാലുസെൻ്റ് കോളനിയില്‍ കുട്ടിക്കൃഷ്‌ണൻ്റെ ഭാര്യ സുധ (55) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൻ്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹവും സമീപത്ത് വാക്കത്തിയും കണ്ടെത്തിയെന്ന് പ്രദേശവാസികള്‍ പറയുന്നു.

സുധ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. സുധയും തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഇവരുടെ വീടിൻ്റെ പ്രവൃത്തി നടന്നിരുന്നു. ഇതിൻ്റെ ഭാഗമായി വീടിൻ്റെ ഫോട്ടോ എടുക്കാനായി വന്ന് സുധയെ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ഇവര്‍ താമസിക്കുന്ന ഷെഡില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഭര്‍ത്താവ് കുട്ടിക്കൃഷ്‌ണനും കൊല്ലപ്പെട്ട സുധയും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുട്ടിക്കൃഷ്‌ണന്‍ സ്ഥിരം മദ്യപിക്കാറുണ്ട്. സംഭവ സമയത്ത് വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണുണ്ടായിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

സുധയുടെ ഭർത്താവിനെ അതിന് ശേഷം കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പൊലീസ് തിരയുകയാണ്. മരം മുറി കുട്ടികൃഷ്‌ണൻ എന്നറിയപ്പെടുന്ന ഇയാൾ കൂലിപ്പണിക്ക് പോകുന്ന വ്യക്തിയാണ്. മിക്ക സമയത്തും ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. കുട്ടികൃഷ്‌ണൻ പോകാൻ സാധ്യതയുള്ള കള്ളുഷാപ്പുകളിലും മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ പൊലീസും നാട്ടുകാരും അന്വേഷണം നടത്തി വരികയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക