Image

അറ്റകുറ്റപ്പണിക്കായി ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍'; പൊലീസ് അന്വേഷണം

Published on 20 June, 2026
അറ്റകുറ്റപ്പണിക്കായി ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍'; പൊലീസ് അന്വേഷണം

കൊച്ചി: അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ 'ഐ ലവ് പാകിസ്ഥാന്‍' എന്ന എഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഷിപ്പ്‌യാർഡിലെ നൂറ്റമ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഈ മാസം 14നാണ് കപ്പലിനകത്തെ ചുമരില്‍ എഴുത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉള്‍വശത്തെ ചുമരില്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഉള്ളത് എന്നതിനാല്‍ വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ശാല അധികൃതര്‍ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയുമായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷിപ്പ്‌യാർഡ് അധികൃതര്‍ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു എന്നാണ് വിവരം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക