
വാരാണസി: രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് പ്രവർത്തകരുടെ നടപടി മതവികാരത്തെ അപമാനിക്കുന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പ്രതികരിച്ചു.
പരശുരാമൻ ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും, രാഹുൽ ഗാന്ധിയെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മത്തെ എതിർക്കുന്നവർക്ക് ഇത്തരം താരതമ്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും പഥക് ആരോപിച്ചു.
ഇതോടൊപ്പം ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും കോൺഗ്രസിനെ വിമർശിച്ചു. സനാതന ധർമ്മത്തെ തുടർച്ചയായി അപമാനിക്കുന്നവർ ഒരു ദിവസത്തെ ഭക്തി പ്രകടനങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനം ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തോടനുബന്ധിച്ചാണ്, വാരാണസിയിൽ ഗംഗാ തീരത്ത് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചു പൂജ നടത്തിയത്. ഒരു കൈയിൽ മഴുവും മറുകൈയിൽ ഭരണഘടനയും പിടിച്ചുനിൽക്കുന്ന പരശുരാമൻ്റെ രൂപത്തിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ നടത്തിയത്. ചിത്രത്തിന് പുറത്ത് പാലഭിഷേകം നടത്തിയ പ്രവർത്തകർ പൂഷ്പാർച്ചന നടത്തുകയും ലഡ്ഡു നിവേദിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പൂജ.
അതേസമയം വിമർശനങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. തങ്ങളുടെ നേതാവിനോടുള്ള പ്രവർത്തകരുടെ വികാരമാണതെന്ന് യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റ് പ്രസിഡൻ്റ് വികാസ് സിങ് പ്രതികരിച്ചു. ഭഗവാൻ പരശുരാമൻ ഭൂമിയെ തിന്മകളിൽനിന്ന് മുക്തമാക്കിയതുപോലെ, രാഹുൽ ഗാന്ധിയും തിന്മയുടെ ശക്തികൾക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.