Image

ഭൗതികശാസ്ത്ര രംഗത്തെ വുൾഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രൊഫ.ജൈനേന്ദ്ര ജെയിൻ; ചരിത്ര നേട്ടം

Published on 19 June, 2026
 ഭൗതികശാസ്ത്ര  രംഗത്തെ വുൾഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി  പ്രൊഫ.ജൈനേന്ദ്ര ജെയിൻ; ചരിത്ര നേട്ടം

ജെറൂസലേം: ക്വാണ്ടം ലോകത്തെ കുറിച്ച മനുഷ്യരുടെ ധാരണയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച   കോമ്പോസിറ്റ് ഫെർമിയോണുകളുടെ കണ്ടുപിടുത്തത്തിലൂടെ ശ്രദ്ധേയനായ പ്രൊഫസർ ജൈനേന്ദ്ര കെ. ജെയിൻ ഭൗതികശാസ്ത്ര  രംഗത്തെ ലോകത്തിലെ ഏറ്റവും ബഹുമതികളിലൊന്നായ ‘വുൾഫ് പ്രൈസ്’  സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി. ക്വാണ്ടം ഭൗതികശാസ്ത്ര രംഗത്ത് അദ്ദേഹം നടത്തിയ വിപ്ലവകരമായ ‘കമ്പോസിറ്റ് ഫെർമിയോൺസ്’എന്ന കണ്ടെത്തലിനാണ് ഈ അംഗീകാരം.

 ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ (Knesset) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പുരസ്കാരം സമ്മാനിച്ചു.

നോബൽ സമ്മാനം കഴിഞ്ഞാൽ  ശാസ്ത്രലോകം ഏറ്റവും കൂടുതൽ ആദരിക്കുന്ന പുരസ്കാരമാണ് വുൾഫ് പ്രൈസ്. ഈ പുരസ്കാരം നേടിയ 27 ശാസ്ത്രജ്ഞർ പിൽക്കാലത്ത് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനും അർഹരായിട്ടുണ്ട് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

രാജസ്ഥാനിലെ  ഥാർ മരുഭൂമിയുടെ അതിർത്തിയിലുള്ള സാംഭർ എന്ന ചെറിയ പട്ടണത്തിലാണ് ജൈനേന്ദ്ര കെ. ജെയിൻ വളർന്നത്. ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസിനെ കുറിച്ചും അദ്ദേഹം ആൽബർട്ട് ഐൻസ്റ്റീനുമായി ചേർന്ന് നടത്തിയ ഗവേഷണങ്ങളെ കുറിച്ചും വായിച്ചറിഞ്ഞതോടെയാണ് ജെയിന് ഭൗതികശാസ്ത്രത്തോട് ചെറുപ്പത്തിൽ തന്നെ താൽപര്യമുണ്ടാകുന്നത്. 

പന്ത്രണ്ടാം വയസ്സിലുണ്ടായ ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്  കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും, 'ജയ്പൂർ ഫൂട്ട്' കൃത്രിമക്കാലുകളുടെ സഹായത്തോടെയാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജയ്പൂർ മഹാരാജ കോളേജ്, ഐ.ഐ.ടി കാൺപൂർ , ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി ഉന്നത വിദ്യാഭ്യാസം നേടി. 

1989-ൽ യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്-ഡോക്ടറൽ ഗവേഷണം നടത്തുന്നതിനിടയിലാണ് ശാസ്ത്രലോകത്തെ മാറ്റിമറിച്ച സിദ്ധാന്തം അദ്ദേഹം രൂപപ്പെടുത്തിയത്. നെക്സ്റ്റ് ജനറേഷൻ ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകൾക്ക് അടിത്തറയിടുന്നതാണ് പ്രൊഫ. ജെയിന്റെ ഈ കണ്ടെത്തൽ.

നിലവിൽ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇവാൻ പഗ് യൂണിവേഴ്സിറ്റി പ്രൊഫസറും മുംബൈയിലെ ലോധ തിയററ്റിക്കൽ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറുമായ ജെയിൻ 250-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക