
കൊല്ലം: കുട്ടികളിലെ സൗന്ദര്യവർധകവസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരേ പ്രചാരണവുമായി ശിശുക്ഷേമസമിതി. സൗന്ദര്യവർധകവസ്തുക്കളിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ കുട്ടികളിൽ കുടൽ കാൻസറിനു കാരണമാകുന്നെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി .
സ്കൂൾ ബാഗുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ടുപോകുന്നത് ഇന്ന് വിദ്യാർത്ഥികളിൽ സാധാരണമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത . പത്ത് വയസ്സ് പ്രായമുള്ള സ്കൂൾ കുട്ടികൾക്കിടയിൽ പോലും ആശങ്കാജനകമായ ഈ പ്രവണത വേരൂന്നുന്നതായി കണ്ടെത്തിയിരിക്കുന്നു. പലപ്പോഴും 50 രൂപയിൽ താഴെ വിലയുള്ള ലിപ്സ്റ്റിക്കുകൾ, കാജൽ, മസ്കാര തുടങ്ങി വിലകുറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ ഇവിടെ സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്.. താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഒരു ജീവിതശൈലി ആക്സസറിയായി കുട്ടികൾ പോലും ഇവയെ കാണുന്നു.
അടുത്തിടെ, കേരളത്തിലെ സ്കൂളുകളിൽ നടത്തിയ പതിവ് പരിശോധനകളിൽ പെൻസിൽ ബോക്സുകളിലും സ്കൂൾ ബാഗുകളിലും ഒളിപ്പിച്ച നിലയിൽ മസ്കാര, കാജൽ, ലിപ്സ്റ്റിക്കുകൾ തുടങ്ങിയ വസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ ബാഗുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ മുൻപും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലാണ് ആശങ്ക ഉയരുന്നത് .
പ്രാദേശിക വിപണികളിൽ ലഭ്യമായ വളരെ വിലകുറഞ്ഞ പല സൗന്ദര്യവർദ്ധക വസ്തുക്കളും കാൻസറുമായി ബന്ധപ്പെട്ട വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ലിപ്‌സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ തുടങ്ങിയവയിൽ മെർക്കുറി, കാഡ്മിയം ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങളുടെ അളവു കൂടുന്നത്, ചർമത്തെയും ആന്തരികാവയവങ്ങളെയും പോലും അപകടകരമായി ബാധിക്കാം.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കുട്ടികൾക്കിടയിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി വര്ധിച്ചുവരുന്നുവെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണത്തിനു തുടക്കംകുറിച്ചതെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധികൃതർ പറഞ്ഞു. പ്രചാരണത്തിന്റെ ഉദ്ഘാടനം കൊല്ലം മയ്യനാട് ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.
ലിപ്‌സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധകവസ്തുക്കൾ കുട്ടികൾ, പീരിഡിന്റെ ഇടവേളകളിൽ ഉപയോഗിക്കുന്നുവെന്നാണ് അധ്യാപകരുടെ നിരീക്ഷണം. കുട്ടികൾ അമിതമായി ഇവ മുഖത്തു പുരട്ടുകയും ചെയ്യും. കുട്ടികളുടെ ചർമം നേർത്തതായതിനാൽ, ഇവയിലടങ്ങിയ രാസവസ്തുക്കൾ ശരീരം വേഗം വലിച്ചെടുക്കുന്നു. അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ, കാൻസർ സാധ്യത എന്നിവയ്ക്കെല്ലാം ഇവ കാരണമാകും.
ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകും. സ്കൂളുകളിൽ സൗന്ദര്യവർധകവസ്തുക്കൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കിയ സ്കൂളുകളെ ‘ലിപ്‌സ്റ്റിക് ഫ്രീ കാമ്പസാ’യി പ്രഖ്യാപിക്കും. തുടർന്ന് രക്ഷിതാക്കൾക്കു ബോധവത്കരണം നൽകും. സ്കൂളുകൾക്കു പുറമേ, റെസിഡെൻസ് അസോസിയേഷനുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വിവിധ സംഘടനകളിലും ബോധവത്കരണ ക്ലാസുകൾ നടത്തും.
അനുവദനീയമായ അളവിനെക്കാൾ മെർക്കുറി ചേർത്ത ലിപ്‌സ്റ്റിക്കുകളും ഫേസ് ക്രീമുകളും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. സ്കൂളുകളുടെ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഹാനികരമായ മൂലകങ്ങളടങ്ങിയ സൗന്ദര്യവർധകവസ്തുക്കൾ വിൽക്കുന്നുണ്ട്. ഇവിടെ പരിശോധന നടത്താനും ബോധവത്കരണപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻ ദേവ് പറഞ്ഞു