
സെൻട്രൽ പാർക്കിൽ കുതിര വണ്ടിയിൽ നിന്നു വീണു മരിച്ച ഇന്ത്യൻ യുവാവ് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടതെന്നു പിതാവ് വേദനയോടെ പറഞ്ഞു. രോമാഞ്ച് മഹാജൻ (18) മാതാപിതാക്കന്മാരോടും അനുജനോടുമൊപ്പം കുതിര വണ്ടിയിൽ സഞ്ചരിക്കുമ്പോൾ കുതിര ഇടഞ്ഞതോടെ വണ്ടി നിയന്ത്രണം വിട്ടു മറിയുകയാണുണ്ടായത്.
ടൂറിസ്റ്റ് വിസയിൽ എത്തിയ കുടുംബം മടങ്ങുന്നത് അവരുടെ പ്രിയ പുത്രൻ ഇല്ലാതെ. "അവർ ഹീറോയായാണ് മരിച്ചത്," പിതാവ് ദീപക് മഹാജൻ പറഞ്ഞു.
'അമ്മ പ്രിയ മഹാജൻ വണ്ടിയിൽ നിന്നു വീണപ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രോമാഞ്ച് തലയടിച്ചു വീണതെന്നു അദ്ദേഹം പറഞ്ഞു. "അമ്മേ അമ്മേ എന്ന് നിലവിളിക്കയായിരുന്നു അവൻ."
ന്യൂ യോർക്ക്-പ്രെസ്‌ബെറ്റീരിയൻ വെയിൽ കോർണൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീഴ്ചയിൽ ശക്തമായി തല അടിച്ചതു കൊണ്ടാണ് മരണം സംഭവിച്ചത്.
ഡ്രൈവർ വണ്ടി വിട്ടു പുറത്തിറങ്ങി ഫോട്ടോ എടുത്ത സമയത്താണ് കുതിരയ്ക്കു നിയന്ത്രണം വിട്ടത്. അത് കുറ്റകരം ആയതിനാൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതായി ഡ്രൈവേഴ്സ് യൂണിയൻ അറിയിച്ചു. കുതിരയെ നീക്കം ചെയ്യുകയും ചെയ്തു.
ഡ്രൈവർ 20 വർഷമായി ജോലി ചെയ്തു വന്നയാളാണ്.