Image

അമേരിക്കൻ സന്ദർശനം റദ്ദാക്കി ഇറ്റാലിയൻ വിദേശമന്ത്രി; ട്രംപിന്റെ പരാമർശത്തിൽ വിവാദം

Published on 19 June, 2026
അമേരിക്കൻ സന്ദർശനം റദ്ദാക്കി ഇറ്റാലിയൻ വിദേശമന്ത്രി; ട്രംപിന്റെ പരാമർശത്തിൽ  വിവാദം

 പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ  മെലോണിയെ കുറിച്ച് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിവാദ പരാമർശങ്ങൾ ഇറ്റലി-അമേരിക്ക ബന്ധത്തിൽ പുതിയ സംഘർഷത്തിന് വഴിവെച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അന്റോണിയോ റ്റജാനി അമേരിക്കയിലെ മയാമിയിൽ നടക്കാനിരുന്ന ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി നിശ്ചയിച്ചിരുന്ന സന്ദർശനം റദ്ദാക്കി.

 മെലോണിക്കെതിരെ  ട്രംപ് നടത്തിയ ഗുരുതരവും അപമാനകരവുമായ പരാമർശങ്ങൾ മുഴുവൻ ഇറ്റാലിയൻ ജനതയെയും അപമാനിക്കുന്നതാണ്. അതിനാൽ ജൂൺ 21, 22 തീയതികളിൽ അമേരിക്കയിലേക്കുള്ള തന്റെ  സന്ദർശനം റദ്ദാക്കാൻ  തീരുമാനിച്ചു എന്നാണ്  റ്റജാനി സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. ട്രംപിന്റെ പ്രസ്താവനകൾ യൂറോപ്യൻ നേതാക്കൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണെന്നും അത് അമേരിക്കയും യൂറോപ്പും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും ഇറ്റാലിയൻ ഭരണകക്ഷി നേതാക്കളും പ്രതികരിച്ചു.

മെലോണി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ വളരെ ആഗ്രഹിച്ചു  എന്നും  അതിനായി യാചിച്ചു എന്നുമുള്ള രീതിയിൽ ട്രംപ് ഒരു അഭിമുഖത്തിൽ പരാമർശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ യൂറോപ്പിന്റെ കുടിയേറ്റ നയങ്ങളെയും ഊർജ നയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. യൂറോപ്പിന് കുടിയേറ്റവും ഊർജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ ഇറ്റലിയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപൂർവമായ ഐക്യം പ്രകടിപ്പിച്ചു. ഇത് രാഷ്ട്രീയ ഭിന്നതകളുടെ വിഷയമല്ല, രാജ്യത്തിന്റെ അന്തസ്സുമായി ബന്ധപ്പെട്ട കാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മെലോണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കൾ, വിദേശ രാഷ്ട്രത്തലവൻ ഇറ്റാലിയൻ പ്രധാനമന്ത്രിയെ അപമാനിക്കുമ്പോൾ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

അടുത്തിടെ യൂറോപ്പിനെയും അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നയതന്ത്ര ബന്ധങ്ങളിൽ ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഈ വിവാദം ഇരുകൂട്ടരുടെയും ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക