Image

ട്രംപിന്റെ നയങ്ങളെ വിമർശിച്ചു ഒബാമ; ജനാധിപത്യം വിലപ്പെട്ടതെന്നു ഊന്നൽ (പിപിഎം)

Published on 19 June, 2026
 ട്രംപിന്റെ നയങ്ങളെ വിമർശിച്ചു ഒബാമ; ജനാധിപത്യം വിലപ്പെട്ടതെന്നു ഊന്നൽ (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ ഏകാധിപത്യ പ്രവണതകളെയും കുടിയേറ്റ നയത്തെയും മുൻ പ്രസിഡൻറ് ബരാക്ക് ഒബാമ വിമർശിച്ചു. ഷിക്കാഗോയിൽ ഒബാമ പ്രസിഡൻഷ്യൽ സെന്റർ ഉദ്‌ഘാടനം ചെയ്യുമ്പോഴാണ് ട്രംപിന്റെ പേരെടുത്തു പറയാതെ അദ്ദേഹം വിമർശിച്ചത്.

മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ലിയു ബുഷ്, ജോ ബൈഡൻ എന്നിവർ പങ്കെടുത്ത ചടങ്ങിലേക്കു ട്രംപിനെ ക്ഷണിച്ചിരുന്നില്ല.

ചരിത്രം ഓർമിച്ചു കൊണ്ട് 'രാജാവും പ്രഭുക്കന്മാരും അടിമകളും ഇല്ലാത്ത' വ്യവസ്ഥിതിയാണ് അമേരിക്കൻ ആദർശമെന്നു ഒബാമ ചൂണ്ടിക്കാട്ടി. "നോ കിംഗ്' പ്രതിഷേധ പ്രകടനങ്ങൾക്കു പരോക്ഷ പിന്തുണയുമായി ആ പരാമർശം.

മിനിയപോളിസിലെ ജനങ്ങൾ കടുത്ത കാലാവസ്ഥയെ നേരിട്ട് കുടിയേറ്റ നയം നടപ്പാക്കുന്നതിന്റെ പേരിലുള്ള ബലപ്രയോഗത്തെ ചെറുത്തു നിന്നത് ഒബാമ എടുത്തു പറഞ്ഞു. "ധീരതയോടെയാണ് അവർ പൊരുതിയത്, സ്വന്തം ജീവൻ പണയം വച്ച്, തോളോട് തോൾ ചേർന്നു നിന്ന്. അതാണ് ശരിയെന്നു അവർക്കു ബോധ്യം ഉണ്ടായിരുന്നു."

തന്റെ പേരിൽ തുറക്കുന്ന സെന്ററിൽ ജനാധിപത്യം യഥാർഥത്തിൽ എത്ര വിലപ്പെട്ടതാണെന്ന സന്ദേശം ഉറപ്പാക്കുമെന്നു ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. മുൻ പ്രസിഡന്റിന്റെ നേട്ടങ്ങൾ കാണാൻ കഴിയുന്ന സമുച്ചയമാണ് പ്രസിഡൻഷ്യൽ സെന്റർ. മ്യൂസിയം, വിദ്യാഭാസ കേന്ദ്രം, പൊതു പരിപാടികൾ, പ്രസിഡന്റിന്റെ രേഖകളുടെ സമാഹാരം ഇതൊക്കെ അവിടെ ഉണ്ടാവും.

ഉദ്‌ഘാടന ചടങ്ങിൽ സംസാരിച്ച മിഷേൽ ഒബാമ മുൻ പ്രസിഡന്റിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ആരോഗ്യരക്ഷ എല്ലാവർക്കും ലഭ്യമാക്കാനുളള ഒബാമയുടെ പോരാട്ടവും നൊബേൽ സമ്മാന നേട്ടവും മിഷേൽ എടുത്തു പറഞ്ഞു. യാതൊരു അർഹതയും ഇല്ലാതെ നൊബേൽ സമ്മാനത്തിന് അർഹനാണെന്നു സ്വയം പ്രഖ്യാപിക്കയും സമ്മാനം നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവിൽ നിന്നു അത് സ്വന്തമാക്കുകയും ചെയ്ത ട്രംപിന്റെ കഥ അവർ പരോക്ഷമായി ഓർമിച്ചു.

1985ൽ ഷിക്കാഗോയിൽ സാമൂഹ്യ സംഘടകനായി എത്തിയ ഒബാമ മിഷേലിനെ കണ്ടുമുട്ടിയതും കുടുംബം ആരംഭിച്ചതും അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതം ആരംഭിച്ചതും ഈ നഗരത്തിൽ തന്നെ.

Obama criticises Trump policy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക