Image

ജെൻ-സി പദ്ധതികൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തി

Published on 19 June, 2026
ജെൻ-സി പദ്ധതികൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തി

സംസ്ഥാനത്തെ ജെൻ-സി തലമുറയ്ക്ക് കരുത്തേകുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന പുതിയ തലമുറയെ കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയുടെയും നവീകരണ സംവിധാനങ്ങളുടെയും പ്രധാന ചാലകശക്തിയായി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി ബജറ്റിൽ 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.

ഡിജിറ്റൽ ധാർമികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, അടിസ്ഥാന മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് ഇൻഡസ്ട്രികൾ എന്നിവ വികസിപ്പിക്കാൻ യുവതലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങൾ സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും ഏറ്റവും വേഗതയേറിയ ജനവിഭാഗമാണ് ജെൻ സിയെന്നും അവരുടെ സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവും ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

"സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനും വ്യവസ്ഥാപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും പരിശ്രമിക്കുന്നതിലൂടെ, ഈ തലമുറ ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുടെയും വ്യവസായങ്ങളുടെയും ഒരു പ്രധാന പ്രേരകശക്തിയായി മാറുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഇതോടൊപ്പം 10 കോടി രൂപ വിഹിതത്തോടെ ഒരു മലയാളം എ.ഐ സംരംഭവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഡാറ്റാസെറ്റിന് ധനസഹായം നൽകുകയും നവസംരംഭകർക്ക് വിപണിയിലെത്തിക്കാൻ സാധിക്കുന്ന മലയാളം എ.ഐ മോഡലുകളുടെ വികസനത്തെ പിന്തുണക്കുകയും ചെയ്യും. കൂടാതെ, കോഴിക്കോട്ട് നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ള എം.ടി വാസുദേവൻ നായർ കൾച്ചറൽ പാർക്കിൽ ജെൻ സി ക്രിയേറ്റർമാക്കായി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിനും സമകാലിക നൃത്ത-സംഗീത പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനും ഉയർന്ന നിലവാരമുള്ള പഠനത്തിനായി വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്തേക്ക് കുടിയേറുന്നതിന്റെ പ്രവണതയ്ക്ക് തടയിടുന്നതിനുമായി 'കേരള നോളജ് വാലി' സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ സംരംഭത്തിന്റെ കീഴിൽ, സംസ്ഥാനത്തെ ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്നും, ഏറ്റവും സമകാലിക അക്കാദമിക് പരിപാടികൾ, അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ ചലനാത്മക കേന്ദ്രങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് സതീശൻ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക