
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ മൂന്നാഴ്ചയ്ക്കകം കൃത്യമായ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനെ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് കർശന മുന്നറിയിപ്പ് നൽകി. കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം കേസ് അന്വേഷിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്പി തയ്യാറാകാത്തതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. മൈക്രോഫിനാൻസ് കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലാത്ത അവസ്ഥയാണെന്നും, ഉദ്യോഗസ്ഥൻ കോടതിയെ പരിഹസിക്കാൻ മുതിരരുതെന്നും സിംഗിൾ ബെഞ്ച് ഓർമ്മിപ്പിച്ചു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥന് മേൽ ചില ബാഹ്യസമ്മർദ്ദങ്ങളുണ്ടെന്ന ഗുരുതരമായ നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ചമച്ച് എസ്എൻഡിപി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും വഴി 15 കോടിയോളം രൂപ തട്ടിയെടുത്തെന്നാരോപിച്ച് 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഒരു പതിറ്റാണ്ടോളമായി നീളുന്ന കേസിൽ കോടതിയുടെ ഇടപെടൽ ഇപ്പോൾ ശക്തമായിരിക്കുകയാണ്.