Image

പി.എസ്.സി ബുള്ളറ്റിനിലെ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ വിവാദം: മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Published on 18 June, 2026
പി.എസ്.സി ബുള്ളറ്റിനിലെ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ വിവാദം: മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: പി.എസ്.സി. ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി. മുഖ്യമന്ത്രിക്ക് പരാതി നൽകി.

പി.എസ്.സി. ബുള്ളറ്റിൻ തയ്യാറാക്കുന്നതിൽ സി.പി.എം. അനുകൂലികളായ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും, ഇത് ദേശാഭിമാനി പ്രസ്സിൽ നിന്നാണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചതെന്ന സംശയമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ യൂത്ത് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. മേയ് 15-ന് പുറത്തിറങ്ങിയ പി.എസ്.സി. ബുള്ളറ്റിനിലാണ് പിഴവ് സംഭവിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ വിവരങ്ങൾ നൽകിയ ഭാഗത്താണ്, കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. 

സംഭവം വിവാദമായതോടെ പി.എസ്.സി. അധികൃതർ ഔദ്യോഗികമായി തെറ്റ് സമ്മതിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയൊരു വീഴ്ച എവിടെയാണ് സംഭവിച്ചതെന്നോ അതിന് കാരണക്കാരായവർ ആരാണെന്നോ ഉള്ള കാര്യത്തിൽ കൃത്യമായ വ്യക്തത നൽകാൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക