
യുഎസ് ഗ്യാസോലിൻ വില മാസങ്ങൾക്കു ശേഷം വ്യാഴാഴ്ച്ച ശരാശരി ഗ്യാലന് $4 ആയി കുറഞ്ഞു. ബുധനാഴ്ച്ച യുഎസ്-ഇറാൻ ധാരണാപത്രം ഒപ്പുവച്ചതിനെ തുടർന്നാണിത്.
യുദ്ധം തുടങ്ങിയതോടെ എണ്ണക്കപ്പലുകൾ ഉൾപ്പെടെ സമുദ്ര ഗതാഗതത്തിനു വഴിയടച്ചു ഹൊർമുസ് കടലിടുക്ക് അടഞ്ഞു കിടന്നതാണ് ഇന്ധന വില ഉയർത്തിയത്. യുഎസ്-ഇറാൻ ധാരണ അനുസരിച്ചു ഹോർമുസ് ഉടൻ തുറക്കുമെന്നാണ് മധ്യസ്ഥരായ പാക്കിസ്ഥാൻ അറിയിച്ചത്.
യുഎസിൽ ബുധനാഴ്ച്ച $4.03 ആയിരുന്ന ഗ്യാസ് വില വ്യാഴാഴ്ച്ച $4നു താഴെ എത്തിയെന്നു എ എ എ മോട്ടോർ ക്ലബ് പറഞ്ഞു. ഫെബ്രുവരി 28നു യുഎസ്-ഇസ്രയേലി സേനകൾ ഇറാനെ ആക്രമിക്കുന്നതിനു മുൻപ് ഗ്യാലന് $3ൽ തൊട്ടു താഴെ ആയിരുന്നു വില. മേയിൽ അത് $4.50 ആയി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഹോർമുസിൽ തടഞ്ഞു കിടന്നു.
ഉയർന്ന ഗ്യാസ് വില കുടുംബ ബജറ്റുകൾ അവതാളത്തിൽ ആക്കിയിരുന്നു. നവംബറിൽ തിരഞ്ഞെടുപ്പ് നേരിടുന്ന പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങൾ തുടങ്ങിയത് ആ പശ്ചാത്തലത്തിലാണ്.
ഡീസൽ വില വ്യാഴാഴ്ച്ച ഗ്യാലന് $5.13 ആയി കുറഞ്ഞു. ഒരു മാസം മുൻപ് $5.60 ആയിരുന്നു.
Average US gasoline price falls below $4