Image

ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; ശിവസേന പിളർപ്പിലേക്ക്

Published on 18 June, 2026
ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; ശിവസേന പിളർപ്പിലേക്ക്

മുംബൈ : മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന യു ബി ടി വിഭാഗത്തിൽ വീണ്ടും പിളർപ്പിന്റെ സൂചനകൾ ശക്തമാക്കി ആറ് പാർലമെന്റ് അംഗങ്ങൾ ലോക്സഭാ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി ലയിക്കാനാണ് ഇവരുടെ നീക്കം. കോൺഗ്രസുമായി ലയിക്കാനാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളുടെ പദ്ധതിയെന്നും ഈ പ്രത്യയശാസ്ത്രപരമായ വ്യതിയാനമാണ് തങ്ങൾ പാർട്ടി വിടാൻ കാരണമെന്നും എം പിമാർ സ്പീക്കറെ അറിയിച്ചതായാണ് വിവരങ്ങൾ. 

നിലവിൽ ഏകനാഥ് ഷിൻഡെ പക്ഷത്തെ ഏഴ് എം പിമാർ ഇരിക്കുന്നതിന് സമീപത്തേക്ക് തങ്ങളുടെ സീറ്റുകൾ മാറ്റി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല സന്ദർശനങ്ങൾ നടത്തുന്നതിലും തിരഞ്ഞെടുപ്പ് സമയത്തും ഉദ്ദവ് താക്കറെയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചില്ലെന്ന് വിമത എം പിമാർ ആരോപിക്കുന്നു. ആദിത്യ താക്കറെയെപ്പോലും ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും ഇവർ പറയുന്നു. നിലവിൽ ഫോണുകൾ ഓഫാക്കി അജ്ഞാത കേന്ദ്രങ്ങളിലായിരുന്ന എം പിമാരാണ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. 

നാഷനൽ കോൺഗ്രസ് പാർട്ടിയിലെയും കോൺഗ്രസിലെയും മുൻകാല രാഷ്ട്രീയ പ്രതിസന്ധികൾക്ക് സമാനമായി ഈ കൂറുമാറ്റവും അംഗീകരിക്കപ്പെടാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ. വനിതാ സംവരണ ബിൽ ഉൾപ്പെടെ നിർണായക ബില്ലുകളിൽ ബി ജെ പിക്ക് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ ഇത് സഹായിച്ചേക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക