
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി നടത്തിയ പ്രചാരണം വ്യക്തികേന്ദ്രിതമായിരുന്നുവെന്നും, അത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും കൗൺസിൽ അംഗങ്ങൾ വിലയിരുത്തി. കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ഈ ശൈലി ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും, ‘ഞാനല്ലാതെ മറ്റാര്’ എന്ന മട്ടിലുള്ള പ്രചാരണം ധാർഷ്ട്യം നിറഞ്ഞതായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
സ്ഥാനാർഥി നിർണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായും, കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ്ണമായും അവഗണിച്ചുവെന്നും കൗൺസിലിൽ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യവും അംഗങ്ങൾ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നത് പാർട്ടിക്കും മുന്നണിക്കും വിനയാകുന്നുണ്ടെന്നും, സെക്രട്ടറി പറയേണ്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്നും കാനം രാജേന്ദ്രനെ മാതൃകയാക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
ഭരണപരമായ വീഴ്ചകളും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി കൗൺസിൽ ചൂണ്ടിക്കാട്ടി.