
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കേസുകൾ വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ ആറ് ഷിഗെല്ല മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് മരണങ്ങളും സംഭവിച്ചത് ഈ മാസമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഷിഗെല്ല മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നതിനാലാണ് നിലവിലെ സാഹചര്യം അതീവ ഗുരുതരമായി ആരോഗ്യവകുപ്പ് കാണുന്നത്.
ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് വഴിയാകാം രോഗം പടരുന്നതെന്ന സംശയത്തെ തുടർന്ന് സംസ്ഥാനത്തെ ഐസ് ഫാക്ടറികളിൽ അടിയന്തരവും പ്രത്യേകവുമായ പരിശോധനകൾ നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ഈ മാസം മാത്രം 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ പകുതിയും ഈ ഒരു മാസത്തിലാണ് ഉണ്ടായത്. മുൻവർഷങ്ങളിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ മാത്രമായിരുന്നു കൂടുതൽ കേസുകളെങ്കിൽ, ഈ വർഷം മിക്ക ജില്ലകളിലും ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകളും കുത്തനെ ഉയർന്നേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്