
പാരീസ്: ഇറാനുമായുള്ള സമാധാനക്കാരാറില്‍ ഒപ്പിട്ടതിന്പിന്നാലെ പുതിയ ഭീഷണിയുമായി പ്രസിഡന്റ് ട്രംപ്. കരാര്‍ പാലിച്ചില്ലെങ്കില്‍ ഇറാനുമേല്‍ ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. 'എനിക്ക് അവരെ വേണ്ട, കരാറിനെ അവര്‍ മാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', എന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഇരുരാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണിയും പുറത്തുവന്നിരിക്കുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുപ്രകാരം അന്തിമധാരണയിലെത്താന്‍ ഇരൂകൂട്ടര്‍ക്കും 60 ദിവസം ലഭിക്കും. കരാര്‍ ഒപ്പുവെച്ചതിന് ശേഷം ജി7 വേദിയില്‍ വെച്ചാണ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിയത്.
കരാറിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ടെഹ്റാന്‍ തയ്യാറാവുന്നില്ലെങ്കില്‍ സൈനിക നടപടികള്‍ പുനരാരംഭിക്കാന്‍ അമേരിക്ക മടിക്കില്ല. കരാര്‍ ലംഘിച്ചാല്‍ ഇറാനുമേല്‍ ബോംബിടും. ഇറാന്‍ ജനത മിടുക്കരാണെന്നും അടുത്ത 60 ദിവസത്തെ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരത്തിനും സമാധാനത്തിനും വഴിതെളിയുമെന്നും ട്രംപ് പറഞ്ഞു.
കരാര്‍ ഒപ്പിടുന്നതിന് മുന്‍പും ട്രംപ് സമാനമായ ഭീഷണി മുഴക്കിയിരുന്നു. കരാര്‍ പാലിച്ചില്ലെങ്കില്‍ ഇറാനെ വെടിവെച്ച് തിരികെവരും, കരാറില്‍ പ്രതികൂല സമീപനമാണ് ഇറാന്‍ സ്വീകരിക്കുന്നതെങ്കില്‍ അവരുടെ തലയില്‍ ബോംബുകള്‍ വര്‍ഷിക്കും. കാരണം, കഴിഞ്ഞ 47 വര്‍ഷമായി അവര്‍ മോശമായി പെരുമാറുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാന്‍ നേതാക്കള്‍ ആരും ട്രംപിന്റെ പുതിയ പ്രസ്താവനകളോട് പ്രതികരിച്ചില്ല. പകരം,കരാറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് അവര്‍ കരാര്‍ ഒപ്പിട്ടത് ആഘോഷിച്ചത്.