
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്ന യുഎസ്-ഇറാൻ ധാരണാപത്രത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച രാത്രി ഒപ്പുവച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ അറിയിച്ചു. പ്രസിഡന്റിന്റെ വേഴ്സയ്സ് കൊട്ടാരത്തിൽ ഡിന്നറിനിടയിലാണ് ട്രംപ് ഒപ്പിട്ടതെന്നു മാക്രോ എക്‌സിൽ കുറിച്ചു. ജി7 ഉച്ചകോടിക്കു ഫ്രാൻസിലെ ഏവിയനിൽ എത്തിയ ട്രംപ് പിന്നീട് മാക്രോമിന്റെ ക്ഷണം സ്വീകരിച്ചു പാരീസിലേക്കു എത്തുകയായിരുന്നു.
അതേ സമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ടെഹ്റാനിൽ നിന്നു ഡിജിറ്റലായി ഒപ്പിട്ടുവെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. ഔപചാരികമായ ഒപ്പുവയ്ക്കൽ വെള്ളിയാഴ്ച്ച സ്വിറ്റസർലൻഡിൽ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. അതുണ്ടാവും എന്നാണ് ഇറാൻ അറിയിക്കുന്നത്.
പാരിസിൽ എത്തിയപ്പോൾ റിപ്പോർട്ടർമാരോട് ട്രംപ് പറഞ്ഞത് ഒപ്പു വയ്ക്കൽ ചടങ്ങു 48 മണിക്കൂറിനകം ഉണ്ടാവും എന്നാണ്. മണിക്കൂറുകൾ കഴിഞ്ഞു ലൂയി പതിനാറാമൻ രാജാവ് വസിച്ചിരുന്ന കൊട്ടാരത്തിൽ ട്രംപിന്റെ 80ആം ജന്മദിനം ആഘോഷിക്കാൻ മാക്രോ ഒരുക്കിയ ഡിന്നർ കഴിഞ്ഞു പുറത്തു വന്നപ്പോൾ പക്ഷെ ട്രംപ് പറഞ്ഞു: "ഞാൻ ഒപ്പുവച്ചു. വേഴ്സയ്സിൽ. ഇപ്പോൾ ഒപ്പിട്ടതേയുള്ളൂ."
ഒപ്പുവയ്ക്കുന്ന വിഡിയോയിൽ ട്രംപ് ഇങ്ങിനെ പറയുന്നതു കേൾക്കാം: "ഇതത്ര എളുപ്പമായിരുന്നില്ല."
നടപ്പിലായെന്നു ഷെരിഫ്
ധാരണാപത്രം നിലവിൽ വന്നു കഴിഞ്ഞെന്നും ഇറാൻ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് പറഞ്ഞു. യുഎസ് നാവിക ഉപരോധം പിൻവലിക്കയും ചെയ്യും.
ഞായറാഴ്ച്ച ധാരണാപത്രം തയാറായ ശേഷം 11 കപ്പലുകൾ ഹോർമുസ് കടന്നു പോയെന്നു ഇറാന്റെ പ്രസ് ടി വി പറഞ്ഞു.
ധാരണകൾ നടപ്പാക്കുന്നത് പരീക്ഷിക്കുന്ന സമയമാണ് ഇനിയെന്ന് ഇറാൻ പറഞ്ഞു. ലെബനനിൽ ഇസ്രയേൽ ആക്രമണം നിർത്തുകയും അവിടന്ന് ഒഴിഞ്ഞു പോവുകയും വേണമെന്നു ധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Trump signs MoU with Iran in Paris