
ന്യൂ യോർക്ക് ലോംഗ് ഐലൻഡിലെ കുപ്രസിദ്ധമായ ഗിൽഗോ ബീച്ച് കൊലപാതകങ്ങളിലെ പ്രതി റെക്സ് ഹുയർമാന് (62) സ്റ്റേറ്റ് സുപ്രീം കോടതി ബുധനാഴ്ച്ച ജീവപര്യന്തം തടവ് വിധിച്ചു. എട്ടു സ്ത്രീകളെ വധിച്ചെന്ന കുറ്റം പ്രതി സമ്മതിച്ചിരുന്നു.
തൊണ്ട ഇടറിക്കൊണ്ടാണ് ജസ്റ്റീസ് തിമോത്തി പി. മാസി വിധി പ്രഖ്യാപിച്ചത്. അന്വേഷണ സംഘം കുറ്റവാളിയെ കണ്ടെത്താൻ ഒരു പതിറ്റാണ്ട് സമയമെടുത്ത കേസിൽ പ്രതി നിരവധി തടവ് ശിക്ഷകൾ പരോൾ ഇല്ലാതെ അനുഭവിക്കണം എന്നാണ് വിധി.
കോടതി മുറിയിൽ എണീറ്റു നിന്നു ശിക്ഷ സ്വീകരിച്ച ഹുയർമാൻ പറഞ്ഞു: "ഞാൻ എന്റെ കുറ്റങ്ങൾക്ക് ഉത്തരവാദിയാണ്, പക്ഷെ എന്റെ വാക്കുകൾക്ക് യാതൊരു അർത്ഥവുമില്ല."
"അയാളെ പുറത്തു കൊണ്ടു പോകൂ," ജഡ്‌ജ് വികാരഭരിതനായി പറഞ്ഞു. കോടതി ഉദ്യോഗസ്ഥർ അയാളെ കൈയാമം വച്ചു കൂട്ടിക്കൊണ്ടു പോയി.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹാജരായിരുന്നു. ഒരു മണിക്കൂറോളം അവരിൽ പലരും സംസാരിച്ച ശേഷമാണ് ജഡ്‌ജ് വിധി പറഞ്ഞത്.
എസ്കോർട്ടുകളായി വിളിച്ചു കൊണ്ടു പോയ യുവതികളെ കഴുത്തു ഞെരിച്ചു കൊന്നുവെന്നു ഹുയർമാൻ കുറ്റസമ്മതത്തിൽ പറഞ്ഞു. ലോംഗ് ഐലൻഡ് സൗത്ത് ഷോറിൽ ഗിൽഗോ ബീച്ചിലോ ഓഷ്യൻ പാർക്വേയിലോ അവരുടെ ജഡങ്ങൾ ഉപേക്ഷിച്ചു.
പ്രതിയിൽ നിന്നു പത്തടിയോളം അകലെ നിന്നാണ് ബന്ധുക്കൾ സംസാരിച്ചത്. ചിലർ 'ആത്മാവില്ലാത്ത' കൊലയാളിയുടെ നേരെ ശകാരം ചൊരിഞ്ഞു. മറ്റു ചിലർ ശാന്തരായിരുന്നു. വേറെ ചിലർ ദൈവത്തെ മഹത്വപ്പെടുത്തി.
Gilgo Beach serial killer sentenced to life after guilty plea