
വെള്ളിയാഴ്ച്ച ഒപ്പു വയ്ക്കുന്ന യുഎസ്-ഇറാൻ ധാരണാപത്രത്തിലെ 14 വ്യവസ്ഥകൾ ട്രംപ് ഭരണകൂടത്തെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് പോസ്റ്റ്' പുറത്തു വിട്ടു.
ആ വ്യവസ്ഥകൾ ചുരുക്കത്തിൽ ഇവയാണ്:
1. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ പോർമുഖങ്ങളിലും സൈനിക നടപടികൾ ഉടൻ തന്നെ സ്ഥിരമായി അവസാനിപ്പിക്കും. ഒപ്പു വയ്ക്കുന്ന കക്ഷികൾ യുദ്ധം പുനരാരംഭിക്കില്ല.
2. യുഎസും ഇറാനും പരസ്‌പരം പരമാധികാരവും അതിർത്തികളും മാനിക്കും. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയുമില്ല.
3. തുടർ ചർച്ചകളിൽ പരമാവധി 60 ദിവസം കൊണ്ട് അന്തിമ കരാർ ഉണ്ടാക്കുമെന്ന് ഇരു പക്ഷവും ഉറപ്പു നൽകുന്നു.
4. ധാരണാപത്രം ഒപ്പു വച്ചാലുടൻ യുഎസ് നാവിക ഉപരോധം പിൻവലിച്ചു തുടങ്ങും. 30 ദിവസം കൊണ്ട് അതു പൂർത്തിയാക്കും. അന്തിമ കരാർ ഒപ്പുവച്ചു 30 ദിവസത്തിനകം യുഎസ് സൈന്യത്തെ പൂർണമായി പിൻവലിക്കും.
5. പേർഷ്യൻ ഗൾഫിൽ നിന്ന് ഗൾഫ് ഓഫ് ഒമാനിലേക്കും തിരിച്ചും ചുങ്കം പിരിക്കാതെ കപ്പലുകൾ സുരക്ഷിതമായി കടത്തി വിടാൻ ഇറാൻ ഏർപ്പാടുകൾ ചെയ്യും.
6. ഇറാന്റെ പുനർ നിർമാണത്തിനു കുറഞ്ഞത് $300 ബില്യൺ വരുന്ന ഫണ്ടിനു രൂപം നൽകാൻ മേഖലയിലെ സഖ്യ രാജ്യങ്ങൾക്കൊപ്പം യുഎസ് ഉറപ്പു നൽകുന്നു. അത് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ 60 ദിവസത്തെ തുടർ ചർച്ചയിൽ തീരുമാനിക്കും.
7. യുഎൻ പ്രമേയങ്ങൾ ഉൾപ്പെടെ ഇറാനെതിരെ കൊണ്ടു വന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുമെന്ന് യുഎസ് ഉറപ്പു നൽകുന്നു.
8. അണ്വായുധങ്ങൾ വാങ്ങുകയോ നിർമിക്കയോ ചെയ്യില്ലെന്നു ഇറാൻ ഉറപ്പു നൽകുന്നു. സമ്പുഷ്ടമാക്കിയ യുറേനിയം നശിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ തീർപ്പാകുന്നു.
9. അന്തിമ കരാർ വരെ ഇറാൻ ആണവ പദ്ധതി ഇപ്പോഴത്തെ പോലെ തുടരും. അതിന്റെ പേരിൽ യുഎസ് ഉപരോധം കൊണ്ടുവരില്ല.
10. ധാരണാപത്രം ഒപ്പു വച്ചാലുടൻ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങൾ, ഉപോത്പന്നങ്ങൾ എന്നിവയെല്ലാം കയറ്റുമതി ചെയ്യാൻ സൃഷ്ഠിച്ചിരുന്ന തടസങ്ങൾ യുഎസ് ട്രഷറി നീക്കം ചെയ്യും. ബാങ്ക് ഇടപാടുകൾ, ഇൻഷുറൻസ്, ട്രാൻസ്‌പോർട്ടേഷൻ എന്നിവയ്ക്കും ഇതു ബാധകമാണ്.
11. ഇറാന്റെ മരവിപ്പിച്ച എല്ലാ ആസ്തികളും പൂർണമായി വിട്ടു കൊടുക്കുമെന്നു യുഎസ് ഉറപ്പു നൽകുന്നു.
12. ഈ ധാരണാപത്രം നടപ്പാക്കാൻ എക്സിക്യൂട്ടീവ് സംവിധാനം ഉണ്ടാക്കുമെന്ന് ഇരു പക്ഷവും ഉറപ്പു നൽകുന്നു.
13. അന്തിമ കരാറിനുള്ള ചർച്ച ഉടൻ തന്നെ ആരംഭിക്കും.
14. അന്തിമ കരാർ ഒരു യുഎൻ പ്രമേയം വഴി നടപ്പാക്കാൻ ബാധ്യത ഉണ്ടാക്കും.
ഇറാൻ വ്യവസ്ഥകൾ നടപ്പാക്കുന്നതനുസരിച്ചാവും യുഎസ് ആനുകൂല്യങ്ങൾ നൽകുകയെന്നു പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. തിരിച്ചു യുദ്ധത്തിലേക്കു പോകാൻ മടിക്കില്ലെന്ന താക്കീതുമുണ്ട്.
യുറേനിയം ഇറാന്റെ മണ്ണിൽ വച്ച് തന്നെ നശിപ്പിക്കും എന്ന വ്യവസ്ഥ ഇറാൻ നിഷ്കർഷിച്ചതു കൊണ്ട് ഉൾപെടുത്തിയതാണ്. മറ്റൊരു രാജ്യത്തേക്ക് അതു നീക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. ഇസ്ഫഹാനിൽ യുഎസ് ബോംബിട്ടു തകർത്ത മലനിരകളുടെ അവശിഷ്ടങ്ങൾക്കടിയിലാണ് അതു കിടക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്ന് ഇറാൻ അണ്വായുധം വാങ്ങാൻ പാടില്ലെന്ന വ്യവസ്ഥ ട്രംപ് വച്ചതു ചൈനയെയും റഷ്യയെയും ഉദ്ദേശിച്ചാണെന്നു കരുതപ്പെടുന്നു.
ലെബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചത് ഇറാൻ അതിനു നിർബന്ധം പിടിച്ചതു കൊണ്ടാണെന്നു വ്യക്തം. പിന്മാറില്ല എന്ന നിലപാടിലാണ് ഇസ്രയേൽ.
14 points of US-Iran deal revealed