
ഹൂസ്‌റ്റൻ : മണി ലോണ്ടറിംഗ് കേസിൽ ശിക്ഷാവിധി വന്നുവെങ്കിലും അത് അപ്പീലിൽ തള്ളപ്പെടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ജഡ്ജ് കെ.പി. ജോർജ്. ഇന്നലെ ഉണ്ടായ വിധി ഒരു ഫൊർമാലിറ്റി മാത്രമാണ് - ഇ-മലയാളിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
എന്തായാലും ഇത് നിർഭാഗ്യകരമാണ്. തന്റെ സമയം അല്പം മോശമാണെന്നത് നേര് തന്നെ. തിരുവാതിര നക്ഷത്രക്കാർ വലിയ കാര്യങ്ങൾ ചെയ്യും. പക്ഷെ അതനുസരിച്ച് ശത്രുക്കളും കൂടുമെന്ന് വായിച്ചു. തൻറെ കാര്യത്തിൽ അത് ശരിയെന്നു തോന്നുന്നു.
ശിക്ഷാവിധിയിൽ അത്ര ഭീതിയൊന്നുമില്ല. ജാമ്യത്തുക കെട്ടിവച്ച് കയ്യോടെ പുറത്തു വന്നു. വ്യക്തിപരമായി കാര്യങ്ങളൊക്കെ സാധാരണ പോലെ നടക്കുന്നു.
കോർട്ട് ഓഫ് അപ്പീൽസ് ആണ് അപ്പീൽ കേൾക്കുന്നത്. ഏതാനും ജഡ്ജിമാരുടെ പാനലാണ് കേസ് കേൾക്കുക. അവരുടെ മുൻപിൽ കാര്യങ്ങൾ വിശദീകരിക്കുക പ്രയാസമാണെന്ന് കരുതുന്നില്ല. കേസ് പരിഗണിക്കാൻ ഒരു വർഷത്തിലേറെ എടുത്തേക്കാമെന്നതാണ് ഒരു പ്രശ്നം.
ജാമ്യ വ്യവസ്ഥയനുസരിച്ച് ചില പതിവ് നിയന്ത്രണങ്ങളാണുള്ളത്. തോക്ക് കൈവശം വയ്ക്കാനാവില്ല, വിദേശ യാത്ര പറ്റില്ല തുടങ്ങിയവ.
ആദ്യം മുതലേ താൻ ജഡ്ജ് സ്ഥാനത്ത് എത്തിയത് ഒരു വിഭാഗം ഇഷ്ടപ്പെട്ടില്ല. ചില മലയാളികളും അക്കൂട്ടത്തിലുണ്ട്. പലരും പ്രതീക്ഷിക്കാത്ത മികച്ച പ്രവർത്തനങ്ങൾ നടത്തിയതും അവരെ അലോസരപ്പെടുത്തി. എവിടെ നിന്നോ വന്ന ഒരാൾ ഷൈൻ ചെയ്യുന്നു എന്ന തോന്നൽ ഉണ്ടായി. അപ്പോൾ തനിക്കെതിരെ കുറ്റങ്ങൾ കണ്ട് പിടിക്കാൻ പരതുകയായിരുന്നു എന്നതാണ് വസ്തുത. വര്ഷങ്ങള്ക്കു ശേഷമാണ് ആരോപങ്ങൾ കൊണ്ടുവരുന്നത്.
താൻ നേരത്തെ സ്ഥാനം ഉപേക്ഷിച്ചിരുന്നെങ്കിൽ കേസും മറ്റും ഒഴിവാകുമായിരുന്നു. എന്നാൽ നിരപരാധി ആണെന്ന് ഉറച്ച ബോധ്യമുള്ളതു കൊണ്ടാണ് അതിനു തയ്യാറാകാതിരുന്നത്.
മാണി ലോണ്ടറിംഗ് എന്നാൽ ഡേർട്ടി മണി (തെറ്റായ രീതിയിൽ ഉണ്ടാക്കുന്ന പണം) നിമപരമാക്കുന്നതാണ്. ഇവിടെ ഡർട്ടി മണി എവിടെ? കൃത്യമായ കണക്ക് ഉള്ള പ്രചാരണ ഫണ്ടാണ്. അതിൽ നിന്ന് എടുത്താൽ 'മിസ് അപ്രോപ്രിയേഷൻ ഓഫ് കാമ്പെയിൻ ഫണ്ട്' എന്ന ലഘുവായ കുറ്റമേ ചുമത്താൻ പാടുള്ളു. അത് മാത്രമല്ല അതനുസരിച്ച് കേസ് എടുക്കാൻ സ്റ്റാറ്റിയൂട്ട് ഓഫ് ലിമിറ്റേഷനും (സമയപരിധി) ഉണ്ട്. മണി ലോണ്ടറിംഗ് ആകുമ്പോൾ ഏഴു വര്ഷം മുൻപ് വരെയുള്ള കാര്യങ്ങൾ ചേർക്കാം.
തനിക്ക് മെച്ചപ്പെട്ട ശമ്പളമുള്ളപ്പോഴാണ് 46000 ഡോളർ അനധികൃതമായി എടുത്തു എന്ന് പറയുന്നത്. 10 മില്യൺ തട്ടിച്ചു എന്ന് പറഞ്ഞാൽ അതിനൊരു ഗമയുണ്ട്. ഈ തുക ഉപയോഗിച്ചു സ്റ്റാർ ബക്‌സിൽ നിന്ന് കാപ്പി കുടിച്ചു എന്നുവരെ എഴുതി വച്ചിട്ടുണ്ട്!. (പ്രചാരണത്തിന് താൻ ആദ്യകാലത്ത് മുടക്കിയ തുക തിരിച്ചെടുത്തതാണ് എന്നാണ് ജോർജ് അവകാശപ്പെട്ടത്)
ഈ കേസിൽ ഒരാൾക്കും ദോഷം വന്നതായി (വിക്ടിം) പറയുന്നില്ല. അതുപോലെ ആരും പരാതിയുമായി ചെന്നിട്ടുമില്ല.
ഇതൊരു രാഷ്ട്രീയ 'വിച്ച് ഹണ്ട്' ആണെന്നതിൽ തനിക്ക് സംശയമൊന്നുമില്ല. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. വീട്ടുകാർ തന്നോടൊപ്പമുണ്ടെന്നതാണ് തന്റെ ശക്തി.
എങ്കിലും അപ്പീലും കേസുമൊക്കെ ഏറെ പണച്ചിലവുള്ള കാര്യമാണ്. നമ്മളെപ്പോലുള്ളവർക്ക് അത് നേരിടുക വിഷമമുള്ള കാര്യമാണ്. ഈ പ്രതിസന്ധിയെ വിജയകരമായി അതിജീവിക്കുമെന്നതിൽ തനിക്ക് ഒരു സംശയവുമില്ല-അദ്ദേഹം പറഞ്ഞു.