
നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പരിഹാസം ചൊരിഞ്ഞത്. ടെലഗ്രാം നിരോധിക്കുന്നത് നീറ്റ് പരീക്ഷാ ചോർച്ച തടയാനുള്ള ‘മാസ്റ്റർ സ്‌ട്രോക്ക്’ ആണോ എന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പരിഹാസരൂപേണയുള്ള ചോദ്യം.
മോഷണം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടുകയോ, അമിത വേഗതയിൽ വാഹനമോടിക്കുന്നുണ്ടെന്ന് കരുതി റോഡുകൾ തന്നെ അടച്ചിടുകയോ ചെയ്യുന്നത് പോലെയാണ് ടെലഗ്രാമിന് നിരോധനമേർപ്പെടുത്തിയ നടപടിയെന്നാണ് ടെലഗ്രാം പരിഹസിച്ചത്.
വിലക്കിനെതിരെ ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവും രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ഇത്തരത്തിൽ ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.