
സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂറോളം. സിഎംആർഎല്ലുമായി (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ഇഡിയുടെ നടപടി. രാവിലെ പത്തരയോടെ ഇഡി ഓഫിസില്‍ എത്തിയ വീണ രാത്രി എട്ടു മണിയോടെയാണ് മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വീണ തയാറായില്ല. വീണയുടെ മൊഴി വിലയിരുത്തിയ ശേഷമായിരിക്കും ഇഡി തുടർ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ ഇഡി വിശദമായ മറുപടി തേടി.
കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെ (എസ്എഫ്ഐഒ) പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിച്ചു.
കഴിഞ്ഞ ദിവസം ശശിധരൻ കർത്തായുടെ ഭാര്യ ജയ കർത്താ, മകൻ ശരൺ കർത്താ, മകൾ ഷിബി കർത്താ എന്നിവർ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായിരുന്നു. ഇവർ നൽകിയ മൊഴികളും വീണയുടെ മറുപടികളും അന്വേഷണ സംഘം ഒത്തുനോക്കും. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.