
തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. അതേസമയം സംഭവത്തിൽ എസ്എഫ്‌ഐ പരാതി നല്‍കി.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളോടാണ് ഇത്തരത്തിൽ കണ്ടക്ടർ പെരുമാറിയത്. മെജോ മോന്‍ എന്നാണ് ബസിന്റെ പേര്. കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കാണ് എസ്എഫ്ഐ പരാതി നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു വാര്‍ത്തയും ചിത്രവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു.
സംഭവത്തിന് അടിസ്ഥാനപരമായ ഒരു കാരണമുണ്ടെന്ന് ശിവപ്രസാദ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ സ്വകാര്യ ബസ് ഉടമകളും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും പറയുന്ന പ്രധാനപ്പെട്ട ഒരു വാദം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണ് എന്നതാണ്. സ്വാഭാവികമായും അവരുടെ ജീവിത പ്രയാസത്തിന്റെ ഭാഗമായുള്ള കണ്‍സേണാണിത്. ഈ നഷ്ടമെങ്ങനെ കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധന.