Image

മൈസൂരു ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ; കൂട്ടമരണം ചികിത്സാപിഴവെന്ന് ബന്ധുക്കൾ

Published on 17 June, 2026
മൈസൂരു  ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ; കൂട്ടമരണം ചികിത്സാപിഴവെന്ന് ബന്ധുക്കൾ

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 11 രോഗികൾ മരിച്ചത് വലിയ വിവാദത്തിനും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ എട്ടു മണി മുതൽ ഇന്ന് രാവിലെ എട്ടു മണി വരെയുള്ള സമയത്താണ് മരണങ്ങൾ സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തിയവരാണ് മരിച്ചവരെല്ലാം. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഐസിയുവിലടക്കം മതിയായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നില്ലെന്നും ചികിത്സാപ്പിഴവാണ് മരണങ്ങൾക്ക് കാരണമെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ നിഷേധിച്ചു. മരണപ്പെട്ടവരെല്ലാം അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും, ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്നും ഒരു ഡോക്ടർക്ക് ദിവസവും നൂറിലധികം രോഗികളെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും ആശുപത്രി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ സംഭവദിവസം ഐസിയുവിൽ ആവശ്യത്തിന് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് അവർ അവകാശപ്പെടുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക