
ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ കണ്ടെത്തിയ നിറവ്യത്യാസം നെയ്യ് വീണതുമൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേൽക്കൂരയിൽ മൂന്നിടത്തായിരുന്നു ഇത്തരത്തിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നത്. സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഈ ഭാഗങ്ങൾ രാസവസ്തുക്കൾ ഉപയോഗിക്കാതെ പൂർണ്ണമായും കഴുകി വൃത്തിയാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ ശ്രീകോവിലിന് മുകളിലേക്ക് നെയ്യൊഴിച്ചതാണ് നിറവ്യത്യാസത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിൽ അസാധാരണമായ രീതിയിൽ കറുത്ത നിറവ്യത്യാസം ദൃശ്യമായത്. തിരുവാഭരണ കമ്മീഷണർ അടക്കമുള്ള ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് സ്വർണ്ണത്തിന് സംഭവിച്ച കേടുപാടുകളല്ലെന്നും മുകളിൽ നിന്ന് ഒഴുകിയിറങ്ങിയ നെയ്യാണെന്നും വ്യക്തമായിരുന്നു.