Image

ജഡ്ജ് കെ.പി. ജോർജിന് ആറ് മാസം ജയിൽ ശിക്ഷ; പ്രൊബേഷൻ; അപ്പീൽ നൽകും

Published on 17 June, 2026
ജഡ്ജ് കെ.പി. ജോർജിന് ആറ് മാസം ജയിൽ ശിക്ഷ; പ്രൊബേഷൻ; അപ്പീൽ നൽകും

ഫോർട്ട് ബെൻഡ് കൗണ്ടി, ടെക്സസ് - കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജിന്   ജയിൽ ശിക്ഷയും പ്രൊബേഷനും  വിധിച്ചു.

ജോർജിന് ആറ് മാസം ഫോർട്ട് ബെൻഡ് കൗണ്ടി ജയിലിൽ കഴിയാനും 200 മണിക്കൂർ സമൂഹസേവനത്തിനും ജഡ്ജി ശിക്ഷ വിധിച്ചു. അഞ്ച് വർഷത്തെ പ്രൊബേഷനിലും അദ്ദേഹം തുടരും. ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

കുറ്റക്കാരനെന്ന് കണ്ട രണ്ട് ചാർജുകളിൽ   ഓരോന്നിനും 25,000 ഡോളർ അപ്പീൽ ബോണ്ട്   അടക്കണം. അപ്പീലുകൾ തീരുന്നതുവരെ അദ്ദേഹത്തിന്റെ ശിക്ഷ ആരംഭിക്കില്ല.

പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിൽ കൂടുതൽ തുക തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത് മണി  ലോണ്ടറിംഗ് ആണെന്ന് നേരത്തെ ജൂറി വിധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വ്യാജമായി വംശീയ   പോസ്റ്റുകൾ  ചെയ്തത് സംബന്ധിച്ച കേസ് നടക്കുന്നതിനാൽ വിധി വൈകിപ്പിക്കണമെന്ന് ജോർജിന്റെ അറ്റോർണിമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 458-ാമത് ജില്ലാ ജഡ്ജി മാഗി ജറാമില്ലോ അത് പരിഗണിച്ചില്ല. ആ കേസ് അടുത്ത മാസം പരിഗണിക്കും.  ജോർജിന്റെ ടീം ആ ആവശ്യം പിന്നീട്  ഉപേക്ഷിച്ചതായി ജില്ലാ അറ്റോർണി ഓഫീസ് പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പൊതുജനങ്ങളുടെ വിശ്വാസം തകർത്ത  ജോർജിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രോസിക്യൂട്ടർമാർ ജഡ്ജി ജറാമില്ലോയോട് അഭ്യർത്ഥിച്ചു. പ്രൊബേഷൻ അനുവദിച്ചാൽ,  കടുത്ത  ജയിൽ ശിക്ഷ കൂടി നൽകണമെന്നും അഭ്യർത്ഥിച്ചു.  

ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും, രാഷ്ട്രീയ സ്ഥാനം നഷ്ടപ്പെട്ടതിനാൽ, ഇതിനകം തന്നെ അദ്ദേഹം ശിക്ഷിക്കപ്പെട്ടുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കാമ്പെയിൻ ഫണ്ടിൽ നിന്ന്  എടുത്ത തുക  വീടിനും  ടാക്സ് അടക്കുന്നതിനും  മറ്റും  ഉപയോഗിച്ചതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതിനു പുറമെ മുൻപ് ജോർജിനെ അമിത വേഗതക്ക് പോലീസ് തടഞ്ഞു നിർത്തിയതും പ്രോസിക്യൂഷൻ  എടുത്തുകാട്ടി. അന്നത്തെ സംസാരത്തിന്റെ ശബ്ദരേഖയും പ്ലേ ചെയ്തു. പോലീസ് ഡെപ്യുട്ടി  തടഞ്ഞപ്പോൾ ജോർജ് ലൈസൻസ് കാണിച്ചില്ല. പിന്നീട് ഡെപ്യുട്ടി സ്‌പീഡിംഗിന് ജോർജിന് വാർണിംഗ് നൽകി. അത് രാഷ്ട്രീയ പ്രേരിതമാണെന്ന് രീതിയിൽ ഡപ്യുട്ടിക്ക് എതിരെ അന്വേഷണം വന്നുവെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

ജോർജിനെ നേരത്ത മറ്റൊരു സിവിൽ പരാതിയെത്തുടർന്ന് കൗണ്ടി ജഡ്ജി സ്ഥാനത്തു നിന്ന് നീക്കുകയും  ഡാനിയേൽ വോങ്ങിനെ ഇടക്കാല കൗണ്ടി ജഡ്ജിയായി നിയമിക്കുകയും ചെയ്തിരുന്നു. വോങ് പിന്നീട് പ്രൈമർട്ടി ഇലക്ഷനിൽ വിജയിച്ചു. 

തുടക്കം മുതൽ കേസുകൾ രാഷ്ട്രീയ പ്രേരിതമെന്നും ഒരു ഇന്ത്യൻ വംശജൻ അധികാരത്തിലെത്തുന്നത്  ഇഷ്ടപ്പെടാത്ത ഒരുവിഭാഗമാണ് ഇതിനു പിന്നിൽ എന്നുമായിരുന്ന ജോർജിന്റെ നിലപാട്. 

ഡമോക്രാറ്റിക് പാർട്ടി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് പ്രൈമറിയിൽ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക